കൊല്ലം: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിചേർത്തതിനെതിരായ പരാതിയിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മിഷൻ വിസമ്മതിച്ചു. സമാനമായ പരാതി കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് എസ്. സുഭാഷ്, ആർ. ബിജു എന്നിവർ സമർപ്പിച്ച പരാതികൾ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി തീർപ്പാക്കിയത്.
2019 ജനുവരി 2ന് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് അക്രമാസക്തമായെന്ന് ആരോപിച്ച് കൊട്ടിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തെറ്റായി പ്രതിചേർത്തുവെന്നാണ് പരാതിക്കാരുടെ ആരോപണം. പരാതിയെ തുടർന്ന് കമ്മിഷൻ ചാത്തന്നൂർ അസി. കമ്മിഷണറിൽ നിന്ന് അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. എന്നാൽ സഹപ്രവർത്തകരായ പൊലീസുകാരെ രക്ഷിക്കുന്നതാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് പരാതിക്കാർ കമ്മിഷനെ അറിയിച്ചു.
തുടർന്ന് കമ്മിഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാർ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇതേവിഷയത്തിൽ ഹർജി നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ഇടപെടേണ്ടതില്ലെന്ന് കമ്മിഷൻ തീരുമാനമെടുക്കുകയായിരുന്നു.