photo
ഡോക്ടേഴ്സ് ലൈനിൽ നിന്നും സമാന്തര പാത തുടങ്ങുന്ന ഭാഗം

കൊട്ടാരക്കര: ടൗണിലെ ഗതാഗത കുരുക്കാെഴിവാക്കാനുപകരിക്കുംവിധം തയ്യാറാക്കിയ സമാന്തര പാത യാഥാർത്ഥ്യമാകുമോ? നഗരസഭ ചെയർമാനായി എ.ഷാജു ചുമതലയേറ്റയുടൻ കുലശേഖരനല്ലൂർ ഏലായിൽക്കൂടി സമാന്തര പാത നിർമ്മിക്കാൻ ഇറങ്ങിത്തിരിച്ചതാണ്. ചിലർ തടസവാദങ്ങളുന്നയിച്ചതോടെ റോഡിന്റെ നിർമ്മാണം അനിശ്ചിതത്വത്തിലായി.കൊട്ടാരക്കര ഡോക്ടേഴ്സ് ലൈനിൽ നിന്ന് കുലശേഖരനല്ലൂർ ഏലായിൽക്കൂടി പുലമൺ കവലയ്ക്ക് സമീപം എം.സി റോഡിൽ എത്തുംവിധമാണ് റോഡ് വിഭാവനം ചെയ്തത്. ഇതിനായി ഭൂ ഉടമകൾ ഭൂമി സൗജന്യമായി വിട്ടുനൽകിയതോടെ റോഡ് നിർമ്മാണം യാഥാർത്ഥ്യമാകുമെന്ന് എല്ലാവരും സ്വപ്നം കണ്ടതുമാണ്. ചന്തമുക്കിൽ ഓയൂർറോഡ് തുടങ്ങുന്ന ഭാഗത്തുനിന്നുള്ള വഴിയും കുലശേഖരനല്ലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നുള്ള വഴിയുംതാലൂക്ക് ആശുപത്രിയുടെ പിൻഭാഗത്തുകൂടി പുതുതായി നിർമ്മിക്കുന്ന വഴിയും സമാന്തര പാതയിൽ വന്നുചേരുന്ന വിധം പദ്ധതി തയ്യാറാക്കിയതിനാൽ വലിയതോതിൽ ഗുണകരമാകുമെന്നും പ്രതീക്ഷിച്ചതാണ്. കുലശേഖരനല്ലൂർ ക്ഷേത്ര ഭരണസമിതി ഇതിനായി രേഖാമൂലം സമ്മതപത്രം നൽകുകയും ചെയ്തു.

രാഷ്ട്രീയ ഇടപെടൽ

പൊതു സമൂഹം മുഴുവൻ അനുകൂല നിലപാടുമായി രംഗത്തുവന്നെങ്കിലും രാഷ്ട്രീയ ഇടപെടലുകളുണ്ടായി. ഇതേത്തുടർന്ന് ഏലാ സംരക്ഷിക്കണമെന്നും പ്രദേശത്തെ കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നും മറുഭാഗം ശക്തമായ പ്രചാരണവുമായി രംഗത്തുറച്ചു. തർക്കം കോടതിയിലെത്തി, ഫെബ്രുവരി 27 വരെ സ്റ്റേ ഉത്തരവ് നൽകുകയും ചെയ്തു. പിന്നീട് നഗരസഭയുടെ വാദംകേട്ടശേഷം നിയമപരമായി മുന്നോട്ടുപോകാൻ നഗരസഭയ്ക്ക് അനുവാദവും നൽകി.

കൃഷിയില്ലാത്ത ഏല

കുലശേഖരനല്ലൂർ ഏല വർഷങ്ങളായി കൃഷിയില്ലാതെ തരിശുകിടന്ന് നശിക്കുകയാണ്. കുറ്റിക്കാട് വളർന്നു. വലിയ മരങ്ങളും ഏലായ്ക്ക് നടുവിലുണ്ട്. പട്ടണത്തിലെ മാലിന്യവും താലൂക്ക് ആശുപത്രിയിലെ മാലിന്യവുമൊക്കെ ഏലായിൽ നിറഞ്ഞിട്ടുമുണ്ട്. ചെളിക്കുണ്ടായ ഭാഗങ്ങളാണ് ചിലയിടങ്ങൾ. ആ നിലയിൽ ഏല പൂർണമായും നശിച്ച നിലയിലാണ്. ഇവിടെ കൃഷി ചെയ്യുവാനാകില്ലെന്ന് കർഷകരും സാക്ഷ്യപ്പെടുത്തുന്നു. പുതിയ റോഡ് വന്നാൽ ശേഷിക്കുന്ന ഏലാകൾക്ക് ഗുണകരമാകും.

കൊട്ടാരക്കര പട്ടണത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. അതിന് പരിഹാരമുണ്ടാക്കാൻ ഒരു സമാന്തര പാത അനിവാര്യമാണ്. ഭൂ ഉടമകളെക്കണ്ട് റോഡിന് വേണ്ടുന്ന ഭൂമി സൗജന്യമായി വിട്ടുനൽകാൻ തീരുമാനമെടുപ്പിച്ചതുമാണ്. റോഡിന്റെ തുടക്കഭാഗത്ത് വീതി കുറവുണ്ട്. അത് ഭാവിയിൽ വീതി കൂട്ടാനുമാകും. അതിനിടയിൽ ചിലർ തടസവാദങ്ങൾ ഉന്നയിക്കുകയാണ്. കോടതിയെ വിവരങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. നിയമപരമായിത്തന്നെ റോഡ് നിർമ്മിക്കും.

എ.ഷാജു(നഗരസഭ ചെയർമാൻ)