തഴവ: ആയിരം പേർക്ക് ഒരേ സമയം അഭയം നൽകാനെന്ന പേരിൽ തഴവയിൽ പണികഴിപ്പിച്ച ദുരിതാശ്വാസ കേന്ദ്രം നോക്കുകുത്തിയായി.അതോടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് കെട്ടിടം തേടി ഗ്രാമപഞ്ചായത്തുകൾ നെട്ടോട്ടം ആരംഭിച്ചു. ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി മൂന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് തഴവയിൽ സ്ഥിരം ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്. ഒഡീഷയിൽ നിർമ്മിച്ച ദുരിതാശ്വാസ ക്യാമ്പിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്ത ഈ കെട്ടിടത്തിൽ ആയിരം പേർക്ക് താമസ സൗകര്യം ഒരുക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. കൂടാതെ സ്ത്രീകൾ ,പുരുഷൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക താമസ സൗകര്യങ്ങളും പൊതു അടുക്കള, ജനറേറ്റർ സംവിധാനം, കളിസ്ഥലങ്ങൾ, മതിയായ സൗകര്യങ്ങളുള്ള ശൗചാലയങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതാണ്.
പരമാവധി 250പേർ
കൊവിഡ് ഒന്നാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകാതിരുന്നതിനാലാണ് സി.എഫ്.എൽ.ടി.സി ആരംഭിക്കുവാൻ സ്വകാര്യ കെട്ടിടങ്ങളെ ആശ്രയിക്കേണ്ടിവന്നതെന്നായിരുന്നു അധികൃതരുടെ വാദം .എന്നാൽ രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ സ്ഥിരം ദുരിതാശ്വാസ ക്യാമ്പ് താലൂക്ക് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കുവാൻ നീക്കം നടത്തിയെങ്കിലും ഇവിടെ പരമാവധി 250 പേരേ മാത്രം താമസിപ്പിക്കുവാൻ കഴിയുകയുള്ളുവെന്ന അവസ്ഥയാണ്.
മാലിന്യ സംസ്കരണ സംവിധാനമില്ല
ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനത്തിന് 20 ലക്ഷം രൂപ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുമെന്നും തുകയുടെ പലിശ സ്ഥാപനത്തിലെ ചെലവുകൾക്കായി ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും ഇക്കാര്യത്തിൽ നടപടിയില്ല.250 പേരേ മാത്രം താമസിപ്പിക്കാവുന്ന ഈ കെട്ടിടത്തിൽ മതിയായ മാലിന്യ സംസ്കരണ സംവിധാനമില്ലെന്നുള്ള പരാതിയുമുണ്ട്. താലൂക്കിലെ ദുരിതബാധിതർക്കായി കോടികൾ ചെലവഴിച്ച് കെട്ടി ഉയർത്തിയ കെട്ടിടം ഇപ്പോൾ തഴവ ഗ്രാമ പഞ്ചായത്തിന് സി.എഫ്.എൽ.ടി.സി എന്ന നിലയിൽപ്പോലും ഉപകാരപ്പെടുന്നില്ല.