navas
പൈപ്പ് റോഡിൽ മെറ്റൽ വിരിച്ച നിലയിൽ

ശാസ്താംകോട്ട: പൈപ്പ് റോഡിന്റെ പുനർ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധം ശക്തം. ശാസ്താംകോട്ട മുതൽ ചവറയിലെ ടൈറ്റാനിയം ജംഗ്ഷൻ വരെയുള്ള 10.5 പാതയാണ് പൈപ്പ് റോഡ്. വി.എസ്. സർക്കാരിന്റെ അവസാന നാളുകളിലാണ് പൈപ്പ് റോഡ് ടാർ ചെയ്ത് നാടിന് സമർപ്പിച്ചത്. പിന്നീട് യഥാ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതായതോടെ റോഡ് പൂർണമായും തകർന്നിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഇടപെട്ട് മുഖ്യമന്ത്രിയുടെ ലോക്കൽ ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ അനുവദിച്ച് 3 കിലോമീറ്റർ ദൂരം റോഡ് നവീകരിക്കാൻ നിർമ്മാണം തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

അപകടം പതിവ്

ശാസ്താംകോട്ട മുതൽ വേങ്ങ മൂത്തോട്ടിൽഭാഗം വരെയാണ് പുനർ നിർമ്മാണം നടക്കുന്നത് .നിലവിൽ ഉണ്ടായിരുന്ന റോഡ് ഇളക്കി ഉറപ്പിക്കുകയും അതിന് പുറത്ത് പുതിയ മെറ്റൽ വിരിക്കുകയും ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് മെറ്റൽ വിരിച്ചിട്ടും ടാറിംഗ് ഉൾപ്പടെയുള്ള പ്രവൃത്തികൾ ചെയ്യാതെ വന്നതോടെയാണ് പൈപ്പ് റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരും പൈപ്പ് റോഡിനെ ആശ്രയിക്കുന്ന യാത്രക്കാരും ദുരിതത്തിലായത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് ഉൾപ്പടെ നിരവധി യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന റോഡാണ് ഒരു മാസത്തിലധികമായി മെറ്റൽ വിരിച്ചിട്ടിരിക്കുന്നത്. ഇളകി കിടക്കുന്ന മെറ്റലിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. നിലവിൽ വിരിച്ചിട്ടിരിക്കുന്ന മെറ്റലുകൾ ഇളകി കാൽനട പോലും അസാദ്ധ്യമായതോടെയാണ് നാട്ടുകാർ ദുരിതത്തിലായത്. പന്മന, തേവലക്കര, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പൈപ്പ് റോഡ് രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി കൂടിയാണ്‌.