കൊല്ലം: സ്ത്രീധന പീഡനക്കേസിൽ ഭർത്താവിന്റെയും മാതാവിന്റെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കരുനാഗപ്പള്ളി തൊടിയൂർ ഉത്രാടത്തിൽ(വെളിയിൽവീട്) വിഷ്ണു(30), മാതാവ് ഷീല(60) എന്നിവരുടെ ജാമ്യഹർജിയാണ് കോടതി തള്ളിയത്. വിഷ്ണുവിന്റെ ഭാര്യ അഷ്ടമുടി വടക്കേക്കര പിള്ളവീട്ടിൽ പുതിയവീട്ടിൽ കെ.എസ്.ദീപ്തി(25)യുടെ പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്. 2020 സെപ്തംബർ ആറിനാണ് വിഷ്ണുവും ദീപ്തിയും തമ്മിൽ തൃക്കരുവ വടക്കേക്കര മംഗലത്ത് കാവ് ദേവീക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. വിവാഹത്തിന് സ്ത്രീധനമായി 55 പവന്റെ ആഭരണങ്ങളും പണവും നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് നിരന്തരം പീഡിപ്പിച്ചെന്നും കട്ടിലിൽ കിടക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതായും ചൂണ്ടിക്കാട്ടി ദീപ്തി സംസ്ഥാന വനിതാ കമ്മിഷനും കരുനാഗപ്പള്ളി പൊലീസിനും പരാതി നൽകിയിരുന്നു. കരുനാഗപ്പള്ളി പൊലീസ് വിഷ്ണുവിനും ഷീലയ്ക്കുമെതിരെ കേസെടുത്തതിനെത്തുടർന്നാണ് ഇരുവരും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. കൊല്ലം അഡീഷണൽ സെക്ഷൻസ് കോർട്ട്(6) ജഡ്ജ് ഷേർളി ദത്താണ് മുൻകൂർ ജാമ്യഹർജി തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ വിനു കരുണാകരൻ ഹാജരായി.