കൊല്ലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ കഴിഞ്ഞ ദിവസം മാത്രം കിട്ടിയത് 34 ലക്ഷം രൂപ. കരുനാഗപ്പള്ളി നഗരസഭയുടെ 20 ലക്ഷം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ആദ്യഗഡുവായി നൽകിയ 10 ലക്ഷം, കേരള സംസ്ഥാന സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ആദ്യ ഗഡുവായി നൽകിയ 4 ലക്ഷം രൂപ എന്നിവ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് കൈമാറി.
യൂത്ത് ക്ലബുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ
കൊല്ലം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവരങ്ങൾ കൈമാറാനും വാക്‌സിൻ വിതരണത്തിനുള്ള രജിസ്‌ട്രേഷൻ സേവനങ്ങൾക്കും നെഹ്റു യുവകേന്ദ്ര സംസ്ഥാനത്തെ 1500 യൂത്ത് ക്ലബുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലെയും 100 യൂത്ത് ക്ലബുകളിലൂടെയാണ് തുടക്കം. നെഹ്‌റു യുവ കേന്ദ്രയിൽ അഫിലിയേഷനുള്ള മുഴുവൻ സംഘടനകളിലേക്കും തുടർന്ന് പ്രവർത്തനം വ്യാപിപ്പിക്കും.