covid

 നടപടി ശക്തമാക്കാൻ നഗരസഭ

കൊല്ലം: ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാനുള്ള നടപടി കർശനമാക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ഡിവിഷൻ തലത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ (ആർ.ആർ.ടി) നേതൃത്വത്തിലാകും ലംഘനങ്ങൾ കണ്ടെത്തുക.

കൗൺസിലർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ആശാപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയതാണ് ഓരോ ഡിവിഷനുകളിലെയും ആർ.ആർ.ടികൾ. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും സമ്പർക്ക പട്ടിക തയ്യാറാക്കുകയും ചെയ്യും. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നവരും രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരും ക്വാറന്റൈൻ ലംഘിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ച് ലംഘകർക്കെതിരെ നിയമനടപടിയും സ്വീകരിക്കും.

 കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ,

ഹോക്കി സ്റ്റേഡിയത്തിന് പുറമേ കൂടുതൽ ഇടങ്ങളിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉടൻ തുടങ്ങുമെന്ന് മേയർ പറഞ്ഞു. നിലവിൽ ഒരു വീട്ടിലെ തന്നെ മുഴുവൻ പേരും രോഗബാധിതരാവുന്ന സാഹചര്യമുണ്ട്. ഇത്തരം ഇടങ്ങൾ കണ്ടെത്തി ഭക്ഷണവും അവശ്യവസ്തുക്കളും ഏർപ്പാട് ചെയ്യാൻ കൃത്യമായ സംവിധാനമൊരുക്കും. ഇതിനായി ഹെൽത്ത് ഇൻസ്പെക്ടർമാരെയും അതത് വാർഡുകളിലെ കൗൺസിലർമാരെയും ചുമതലപ്പെടുത്തുമെന്നും മേയർ പറഞ്ഞു.

അതേസമയം, വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ സംവിധാനം നിറുത്തലാക്കിയത് പ്രായമായവരെ ബുദ്ധിമുട്ടിലാക്കിയെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു. അക്ഷയ കേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സ്പോട്ട് രജിസ്ട്രേഷൻ പുനരാരംഭിക്കണമെന്ന് കൗൺസിലിൽ ആവശ്യമുയർന്നു.

 കുരീപ്പുഴയിലെ മാലിന്യ പ്ലാന്റ് തുറപ്പിക്കും

കുരീപ്പുഴ മാലിന്യ സംസ്കരണ പ്ലാന്റ് അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ അജൈവ മാലിന്യസംസ്കരണം കോർപ്പറേഷന് മുന്നിൽ ചോദ്യചിഹ്നമായി തുടരുകയാണെന്ന് മേയർ പറഞ്ഞു. പ്ലാന്റ് ഉടൻ തന്നെ തുറക്കേണ്ടതുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പ്രക്ഷോഭമുണ്ടാക്കിയത്. ആവശ്യമെങ്കിൽ പ്ലാന്റ് തുറപ്പിക്കാൻ പൊലീസിന്റെ സഹായം തേടുമെന്നും മേയർ പറഞ്ഞു.