c

ചാത്തന്നൂർ: കൊവിഡ് ബാധിതരെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ചികിത്സ നൽകുന്ന രീതി ഏർപ്പെടുത്താനൊരുങ്ങി ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നവർക്ക് കൊവിഡ് ഫസ്റ്റ് ലെയർ ട്രീറ്റ്മെന്റ് സെന്റർ (സി.എഫ്.എൽ.ടി.സി), കടുത്ത രോഗലക്ഷണങ്ങളുള്ളവർക്ക് കൊവിഡ് സെക്കൻഡ് ലെയർ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എൽ.ടി.സി.) എന്നിവയാണ് നിലവിലുള്ളത്. ഇതിന് പുറമേ ഡോമിസിലിയറി ഹോം കെയർ സെന്റർ (സ്റ്റെപ്പ് ഡൗൺ സി.എഫ്.എൽ.ടി.സി) കൂടിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ടെസ്റ്റ് പോസിറ്റീവായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാറ്റിപ്പാർപ്പിച്ച് കുടുംബാംഗങ്ങൾക്ക് രോഗം പകരുന്നത് ഒഴിവാക്കുന്ന മുൻകരുതൽ രീതിയാണിത്.

കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ പുന്നലം ഭാഗത്ത് നാലുവീടുകളിലെ മുഴുവൻ പേർക്കും കൊവിഡ് ബാധിച്ചത് കുടുംബാംഗങ്ങൾ ഒരേ ടോയിലറ്റ് ഉപയോഗിച്ചതു വഴിയായിരുന്നു. കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത് ഗൗരവത്തിലെടുത്താണ് ചാത്തന്നൂരിൽ സ്റ്റെപ്പ് ഡൗൺ രീതി നടപ്പാക്കുന്നത്.

നടത്തിപ്പ് ചുമതല പഞ്ചായത്തിന്

ഡോമിസിലിയറി ഹോം കെയർ സെന്ററിന്റെ നടത്തിപ്പ് ചുമതല (സ്റ്റെപ്പ് ഡൗൺ സി.എഫ്.എൽ.ടി.സി) പഞ്ചായത്തിനായിരിക്കും. ഇവിടെ പാർപ്പിക്കുന്നവരുടെ നിരീക്ഷണം ഹെൽത്ത് ഇൻസ്പെക്ടർമാർ ഏറ്റെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. ദിജു പറഞ്ഞു. ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് ഗവ. എൽ.പി സ്കൂളിലെ ക്യാമ്പിൽ 355 പേർ കൊവിഡ് പരിശോധന നടത്തിയതിൽ 56 പേരുടെ ഫലം ലഭിച്ചു. ആരും പോസിറ്റീവ് അല്ല. അതേസമയം ഇന്നലെ സ്വകാര്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയവരിൽ ചാത്തന്നൂർ പഞ്ചായത്ത് പ്രദേശത്തുള്ള 10 പേർ രോഗബാധിതരാണ്.