ചാത്തന്നൂർ: ഓട്ടോറിക്ഷയിൽ കറങ്ങി അനധികൃത മദ്യക്കച്ചവടം നടത്തുന്നതിനിടെ യുവാവ് അറസ്റ്റിലായി. കൊട്ടാരക്കര പ്ലാപ്പള്ളി ശരത് ഭവനിൽ ശരത്താണ് (27) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. ആറ് ലിറ്റർ വിദേശമദ്യവും പൊലീസ് പിടിച്ചെടുത്തു.
മദ്യവിൽപ്പനശാലകളും ബാറുകളും അടഞ്ഞത് മുതലെടുത്ത് കല്ലുവാതുക്കൽ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് അനുവദനീയമായതിൽ കൂടുതൽ മദ്യം ശേഖരിച്ച് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. മദ്യം വിറ്റ വകയിൽ ലഭിച്ച 7,260 രൂപയും കണ്ടെടുത്തു.
ചാത്തന്നൂർ അസി. കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാർ, എസ്.ഐമാരായ വി. സജു, എൻ. അനീസ, എ.എസ്.ഐ ബിജു, സി.പി.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.