പുനലൂർ: കനത്ത കാറ്റിൽ കൂറ്റൻ മരം കടപുഴകി വീണ് പുനലൂർ- പത്തനാപുരം പാതയിൽ നിന്നാരംഭിക്കുന്ന ഫ്ലൈവുഡ് ഫാക്ടറി- എലിക്കാട്ടൂർ റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീശിയടിച്ച കനത്ത കാറ്റിനെ തുടർന്നാണ് കൂറ്റൻ വൃക്ഷം കടപുഴകി റോഡിലേക്ക് വീണത്. പാതയോരത്ത് കിൻഫ്രാ പാർക്കിനോട് ചേർന്ന് നിന്ന കൂറ്റൻ വാക മരമാണ് കടപുഴകി വീണത്. മരം വീണതിനെ തുടർന്ന് ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. പാതയോരത്തെ കിൻഫ്രാ പാർക്കിന് ചുറ്റുമതിൽ പണിയാൻ വേണ്ടി വാക മരത്തിന്റെ രണ്ട് ഭാഗങ്ങളിലെയും മണ്ണുകൾ നീക്കം ചെയ്തിരുന്നു.തുടർന്ന് വീശിയടിച്ച കാറ്റിൽ മരം കട പുഴകി വീഴുകയായിരുന്നു എന്ന് ഫയർഫോഴ്സ് പറഞ്ഞു. ഫയർ ഫോഴ്സ് ജീവനക്കാരായ അജയകുമാർ, നിതിൻ, പ്രസീദ്, സുമുമാർ, രതീഷ്, അനൂപ്, ഐ.പി.അനീഷ്, ശ്രീകുമാർ, ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് നീക്കിയത്.