കൊല്ലം: തൊപ്പിവയ്ക്കാൻ തലകാണില്ലെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അഞ്ചാലുംമൂട് പൊലീസിനെതിരെ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. 'റോക്കി കൊല്ലം' എന്ന വ്യാജ ഐ.ഡിയുടെ ഉടമയായ കുപ്പണ തട്ടുവിളവീട്ടിൽ ആദിത്യലാലാണ് (22) പിടിയിലായത്.
കൊവിഡ് വ്യാപനത്തിനെതിരായ വാരാന്ത്യ നിയന്ത്രണത്തിന്റെ ഭാഗമായി അഞ്ചാലുംമൂട്ടിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രകോപിതനായ യുവാവ്, വ്യാജ ഐ.ഡിയിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ നിർദേശങ്ങൾ അനുസരിച്ചാൽ പൊലീസിന് സന്തോഷമായി തുടർന്ന് ജോലിചെയ്യാമെന്നും മറിച്ചാണെങ്കിൽ തൊപ്പിവയ്ക്കാൻ തലകാണില്ലെന്നുമായിരുന്നു ഭീഷണി.
പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തതോടെ സൈബർസെല്ലിന്റെ സഹായത്തോടെ പോസ്റ്റിട്ടയാളെ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രി ജില്ലയിലെ ലോഡ്ജിൽ നിന്നാണ് അഞ്ചാലുംമൂട് എസ്.എച്ച്.ഒ ബിനു, എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, സി.പി.ഒമാരായ സാബു, മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.