കൊല്ലം: കോടതി റിമാൻഡ് ചെയ്ത പ്രതികൾക്ക് കൊവിഡായതിനെ തുടർന്ന് ജയിലിലേക്ക് കടത്താതെ മൂന്നര മണിക്കൂർ. ഇന്നലെ വൈകിട്ടാണ് സംഭവം. മജിസ്ട്രേറ്റ് നേരിട്ട് ഇടപെട്ടിട്ടും പ്രതികളെ ഏറ്റുവാങ്ങാൻ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിൽ അധികൃതർ തയ്യാറായില്ല. തുടർന്ന് ഉന്നതതല ഇടപെടലിന് ശേഷമാണ് പ്രതികളെ ഏറ്റുവാങ്ങി നെയ്യാറ്റിൻകര സബ് ജയിലിലേക്ക് അയച്ചത്. കടലാവിളയിലെ വാഹന മോഷണക്കേസിൽ കല്ലമ്പലത്ത് പിടിയിലായ സംഘത്തെ തിങ്കളാഴ്ച കൊട്ടാരക്കര പൊലീസ് നെയ്യാറ്റിൻകരയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയതാണ്. ഇന്നലെ പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് മൂന്ന് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പി.പി.കിറ്റ് ധരിപ്പിച്ച് മൂവരെയും കൂട്ടുപ്രതികളെയും കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിന് മുന്നിലെത്തിച്ചു. രാത്രി എട്ടുമണിവരെയും പി.പി.കിറ്റ് ധരിച്ച് ജയിലിന് മുന്നിൽ കാത്ത് നിന്ന ഒരു പ്രതിക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി.