police

തൃശൂർ: കൊടകര കുഴൽപ്പണകവർച്ചയിൽ അന്വേഷണം മുറുകിയതോടെ തെളിവുകൾ പൊലീസിനെ തിരിഞ്ഞു കുത്തുന്നു. കുഴൽപ്പണ ഇടപാടുകാരിൽ നിന്ന് പൊലീസുകാരൻ കൈക്കൂലി വാങ്ങിയതായും സംഭവ സ്ഥലത്ത് എസ്.ഐ ഉൾപ്പെടെയുള്ളവർ വേഷപ്രച്ഛന്നരായി എത്തിയതിനും തെളിവ് ലഭിച്ചതോടെ കുഴൽപ്പണ മാഫിയയുമായി പൊലീസിന്റെ വഴിവിട്ട ബന്ധം പുറത്തായി.

 30,000 രൂപ വാങ്ങിയത്

ഇന്റലിജൻസ് അന്വേഷിക്കും

കുഴൽപ്പണക്കവർച്ചയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസുകാരുടെ മാഫിയ ബന്ധത്തെയും കൈക്കൂലി ഇടപാടുകളെയും പറ്റി ഇന്റലിജൻസ് വിഭാഗമുൾപ്പെടെ വിശദമായ അന്വേഷണം തുടങ്ങി.

കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിലെ പ്രതിയുടെ പക്കൽനിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്.

 സ്പെഷ്യൽ ബ്രാഞ്ചുകാരനും കൈക്കൂലി ചോദിച്ചു

മറ്റൊരു പ്രതിയോട് സ്പെഷ്യൽ ബ്രാഞ്ചിലെ പൊലീസുകാരൻ പണം ആവശ്യപ്പെട്ടതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസിൽ അറസ്റ്റിലായ വെള്ളാങ്കല്ലൂർ സ്വദേശി മാർട്ടിനാണ് പൊലീസുകാരന് എതിരെ മൊഴി നൽകിയത്. കുഴൽപ്പണം കവർന്ന ശേഷം പൊലീസുകാരൻ ഫോണിൽ വിളിച്ച് 30,000 രൂപ ആവശ്യപ്പെട്ടെന്നാണ് മൊഴി. കിട്ടിയ പണം എന്തു ചെയ്തെന്ന ചോദ്യം ചെയ്യലിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ദീപക്കിനോട് സ്പെഷ്യൽ ബ്രാഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതായും വിവരം ലഭിച്ചു.

 വിദൂരവീക്ഷണവുമായി സ്റ്റേഷൻ പരിധിക്ക് പുറത്ത്

ഇതിനിടെ, കുഴൽപ്പണം വരുന്ന വിവരമറിഞ്ഞ് ഇൻസ്പെക്ടറും സംഘവും സ്വന്തം സ്റ്റേഷൻ പരിധിക്കു പുറത്തെ സ്ഥലത്ത് പോയി പരിശോധനയ്ക്കായി നിലയുറപ്പിച്ചതും ദുരൂഹമായിട്ടുണ്ട്. മേലുദ്യോഗസ്ഥർ അറിയാതെയായിരുന്നു ഇത്. ഈ പരിശോധനയിലും അസ്വാഭാവികതയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. കൈക്കൂലി വാങ്ങിയ പൊലീസുകാരനെതിരെയും കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെയും സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകി. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് വിവരം.