സൗകര്യങ്ങളുള്ള സർക്കാർ കെട്ടിടങ്ങൾ നിരവധി
കൊല്ലം: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് (സി.എഫ്.എൽ.ടി.സി) കെട്ടിടം കണ്ടെത്തുമ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ളവയ്ക്ക് മുൻതൂക്കം നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിലകല്പിക്കാതെയാണ് ജില്ലാ ഭരണകൂടവും നഗരസഭയും എസ്.എൻ ലാ കോളേജ് എറ്റെടുക്കാൻ ശ്രമിച്ചത്.
നഗരപ്രദേശങ്ങളിലെ സി.എഫ്.എൽ.ടി.സികളിൽ കുറഞ്ഞത് നൂറുപേരെയെങ്കിലും കിടത്തി ചികിത്സിക്കാനുള്ള സൗകര്യം വേണമെന്നാണ് സർക്കാർ നിർദേശം. രാവിലെ ഒ.പി പരിശോധന നടത്താനും ജനറൽ വാർഡുകൾ സജ്ജീകരിക്കാനുമുള്ള ഇടം, ടെലിമെഡിസിൻ സേവനത്തിന് ലാൻഡ് ഫോണും ഇന്റർനെറ്റും, നഴ്സിംഗ് റൂം, ഡോക്ടേഴ്സ് റൂം, ഒബ്സർവേഷൻ റൂമുകൾ, ഫാർമസി, സ്റ്റോർ, ഫ്രണ്ട് ഓഫീസ് എന്നിവ സജ്ജീകരിക്കാനുള്ള സൗകര്യം എന്നിവയുണ്ടാകണം.
ഈ സൗകര്യങ്ങളെല്ലാമുള്ള നിരവധി സർക്കാർ കെട്ടിടങ്ങൾ നഗരത്തിൽ ഉപയോഗമില്ലാതെ കിടപ്പുണ്ട്. കളക്ടറേറ്റിന് സമീപം അടുത്തിടെ നിർമ്മാണം പൂർത്തിയായ ആസൂത്രണ വകുപ്പിന്റെ പുതിയ ഓഫീസ്, തൊട്ടടുത്ത് തന്നെയുള്ള വർക്കിംഗ് വിമൺസ് ഹോസ്റ്റൽ, കൊല്ലം ബോയ്സ് സ്കൂൾ വളപ്പിലെ ബി.എഡ് സെന്റർ എന്നിവിടങ്ങളിലെല്ലാം മെച്ചപ്പെട്ട സൗകര്യങ്ങളാണുള്ളത്.
പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷാകർത്താക്കളും
എസ്.എൻ ലാ കോളേജ് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധം ശക്തമാക്കിയിരുന്നു. തൊട്ടടുത്തുള്ള നഴ്സിംഗ് കോളേജ് അടക്കമുള്ള മറ്റ് സ്ഥാപനങ്ങൾ നൽകാമെന്ന് പറഞ്ഞിട്ടും ലാ കോളേജ് തന്നെ ഏറ്റെടുക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാശിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
01. '' മഹാദുരന്തം നമ്മുടെ മുന്നിലുള്ള വലിയ പ്രശ്നമാണ്. പക്ഷേ, ലാ കോളേജ് വീണ്ടും കൊവിഡ് സെന്റാക്കാനുള്ള നീക്കത്തോട് യോജിക്കാനാവില്ല. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് നേരത്തെ ഏറ്റെടുത്തപ്പോഴുണ്ടായ കേടുപാടുകൾ പരിഹരിച്ചത്. കോളേജ് അധികൃതർ നന്നായി ശുചീകരിച്ച ശേഷമാണ് ക്ലാസ് തുടങ്ങിയത്. വിദ്യാർത്ഥികളെത്തിയ ശേഷം വീണ്ടും ശുചീകരിക്കേണ്ടിവന്നു. വീണ്ടും ഏറ്റെടുത്താൽ വൈകാതെ എത്തുന്ന പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കും.''
എ.ആർ. ഷറഫുദ്ദീൻ (പി.ടി.എ വൈസ് പ്രസിഡന്റ്, എസ്.എൻ ലാ കോളേജ്)
02. ''നിയന്ത്രണങ്ങൾ മാറുമ്പോൾ ഞങ്ങളുടെ പരീക്ഷകൾ ആരംഭിക്കും. കോളേജ് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയാൽ പരീക്ഷയെഴുതാൻ വട്ടംചുറ്റേണ്ടി വരും. കഴിഞ്ഞതവണ പരീക്ഷയ്ക്ക് കയറിയിറങ്ങാത്ത കോളേജുകളും സ്കൂളുകളുമില്ല. സർട്ടിഫിക്കറ്റുകൾ എടുക്കാൻ പറ്റാതായതാണ് മറ്റൊരു പ്രശ്നം. ഓഫീസ് മാറ്റുന്നതിനിടെ ഇവയെങ്ങാനും നഷ്ടമായാൽ ആര് സമാധാനം പറയും. കൊവിഡ് സെന്ററാക്കിയാൽ നിയന്ത്രണങ്ങൾ മാറുമ്പോൾ ക്ലാസ് തുടങ്ങാനാകാത്ത സ്ഥിതിയാകും. അഞ്ചാംവർഷ വിദ്യാർത്ഥികളായ ഞങ്ങൾക്കിത് ഏറെ നഷ്ടമുണ്ടാക്കും. കഴിഞ്ഞതവണ കോളേജ് നശിപ്പിച്ചാണ് തിരികെ തന്നത്. ശുചിമുറികളിലെ പൈപ്പുകളെല്ലാം അടിച്ചുതകർത്തിരുന്നു.''
കൃപ വിനോദ് (അഞ്ചാം വർഷ എൽഎൽ.ബി വിദ്യാർത്ഥിനി, എസ്.എൻ ലാ കോളേജ്)
03. '' കോളേജ് കഴിഞ്ഞതവണ കൊവിഡ് ചികിത്സാ കേന്ദ്രമായി ഏറ്റെടുത്തതിനാൽ ഫീസ് അടയ്ക്കാനടക്കം ഓഫീസുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയായി. പരീക്ഷാകേന്ദ്രം പലയിടങ്ങളിലാക്കി. ദൂരെസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പരീക്ഷാ കേന്ദ്രം മാറ്റുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും കോളേജ് ഓഫീസിന്റെ സഹായം ലഭിക്കാത്ത സ്ഥിതിയുണ്ടായത് വിദ്യാർത്ഥികളെ വലച്ചു. പരീക്ഷയും മറ്റ് കാര്യങ്ങളും നടക്കാത്ത സ്കൂളുകൾ നൽകാമെന്ന് പറഞ്ഞിട്ടും കോളേജിന് വേണ്ടി വാശിപിടിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ല.
പാർവതി ബി. സന്തോഷ്, (അഞ്ചാം വർഷ എൽഎൽ.ബി വിദ്യാർത്ഥിനി, എസ്.എൻ ലാ കോളേജ്)