കൊല്ലം: വാക്സിനേഷൻ പ്രതിസന്ധി തുടരവേ ജില്ലയിൽ പുതിയ രജിസ്ട്രേഷനുകൾ നടക്കുന്നില്ലെന്ന് ആക്ഷേപം. ഇന്നലെയും രജിസ്‌ട്രേഷന് ശ്രമിച്ചവർക്ക് മേയ് 5 വരെ സ്ലോട്ട് ഇല്ലെന്ന അറിയിപ്പാണ് ലഭിച്ചത്. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കുള്ള രജിസ്‌ട്രേഷൻ ഇന്നലെയാണ് ആരംഭിച്ചത്. എന്നാൽ രജിസ്ട്രേഷന് ശ്രമിച്ച ഈ പ്രായക്കാർക്കൊക്കെ ഒ.ടി.പി ലഭിച്ചെങ്കിലും വിജയകരമായി പൂർത്തിയാക്കാനായില്ല.
രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതോടെ മുഴുവൻ ആളുകളും വാക്‌സിൻ എടുക്കണമെന്ന നിശ്ചയത്തിലാണ്. രജിസ്ട്രേഷനായി ആളുകൾ കൂട്ടത്തോടെ ഉപയോഗിക്കുന്നതിനാൽ കേന്ദ്രസർക്കാരിന്റെ പോർട്ടൽ പലപ്പോഴും സ്തംഭിക്കുന്നതായും ആക്ഷേപമുണ്ട്. ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധി എന്ന് മാറുമെന്ന ആശങ്കയിലാണ് ജനം.
രണ്ട് ദിവസത്തേയ്ക്ക് ക്ഷാമമില്ല
രണ്ട് ദിവസത്തേയ്ക്ക് ജില്ലയിൽ വാക്‌സിൻ ക്ഷാമമില്ലെന്ന് ഡി.എം.ഒ അറിയിച്ചു. ഈയാഴ്ച ഇടവിട്ട ദിവസങ്ങളിൽ വാക്‌സിൻ ലഭിച്ചിരുന്നു. ഇന്നലെ 18,000 ഡോസ് വാക്‌സിൻ കിട്ടി. ഇതിൽ 16,000 കൊവിഷീൽഡും 2000 കോവാക്‌സിനുമാണ്.
വാക്സിനേഷൻ ജില്ലയിൽ
ആദ്യഘട്ട വാക്സിൻ സ്വീകരിച്ചവർ: 4,26,919
രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ചവർ: 81,812