ഡ്രൈവർ റിമാൻഡിൽ
മന്ത്രി മേഴ്സിക്കുട്ടി അമ്മയെ പ്രതിരോധത്തിലാക്കാനുള്ള ഗൂഢാലോചന
കൊല്ലം /ചാത്തന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ കുണ്ടറയിലെ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിയും ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനുമായ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ്, മാനേജർ ശ്രീകാന്ത്, ഡ്രൈവർ തിരുവനന്തപുരം മലയിൻകീഴ് ഭാഗ്യാലയത്തിൽ ബിനുകുമാർ (40) എന്നിവർ പിടിയിലായി.
സംഭവത്തിന് പിന്നിൽ ഷിജു വർഗീസിന്റെ ഗൂഢാലോചനയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.
കർണാടക - ഗോവ അതിർത്തിയിൽ നിന്ന് ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഷിജു വർഗീസിനെയും ശ്രീകാന്തിനെയും കൊല്ലത്ത് എത്തിച്ച് ചോദ്യം ചെയ്‌തു വരികയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് പിടിയിലായ ബിനുകുമാറിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ അഞ്ചരയോടെ കുണ്ടറ - കണ്ണനല്ലൂർ റോഡിൽ കുരീപ്പള്ളിക്കും പാലമുക്കിനും ഇടയിലായിരുന്നു സംഭവം. പിന്നാലെ വന്ന കാറിൽ നിന്ന് ഷിജു വർഗീസിന്റെ കാറിനുനേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ബോംബ് പൊട്ടി കാറിന് തീപിടിച്ചെങ്കിലും നാട്ടുകാരും കണ്ണനല്ലൂർ പൊലീസും ചേർന്ന് അണച്ചു.
തിരഞ്ഞെടുപ്പ് ദിനമായതിനാൽ മാദ്ധ്യമങ്ങളിൽ സംഭവത്തിന് പ്രാധാന്യം ലഭിച്ചിരുന്നു. ഷിജു വർഗീസിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഗൂഢാലോചനയുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ അന്നുതന്നെ ആരോപിച്ചിരുന്നു.
ചുരുളഴിഞ്ഞത് ഇങ്ങനെ
സംഭവദിവസം ഷിജു വർഗീസിന്റെ കാർ ഓടിച്ച പ്രേംകുമാറിന്റെ കുറ്റസമ്മതമാണ് വഴിത്തിരിവായത്. കെ.എൽ 02 എ.എക്സ് 6163 നമ്പർ കാറിൽ നിന്നാണ് പെട്രോൾ കുപ്പിയെറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഈ കാറിലുണ്ടായിരുന്ന ബിനുകുമാറിനെ കുറിച്ച് പ്രേംകുമാറാണ് പൊലീസിന് വിവരം നൽകിയത്.ബിനുകുമാർ ചോദ്യംചെയ്യലിൽ സത്യം വെളിപ്പെടുത്തി. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഷാഡോ സംഘം ഷിജു വർഗീസിനെയും ശ്രീകാന്തിനെയും പിടികൂടുകയായിരുന്നു.
ആസൂത്രണം എറണാകുളത്ത്
തിരഞ്ഞെടുപ്പിന്റെ തലേന്ന് എറണാകുളത്ത് വച്ചാണ് ഷിജു വർഗീസിന്റെ നേതൃത്വത്തിൽ സംഭവം ആസൂത്രണം ചെയ്തത്. അടുത്ത ദിവസം പുലർച്ചെ 5.30ന് ഷിജു വർഗീസ് ഇന്നോവ കാറിൽ കുരീപ്പള്ളിയിൽ എത്തി പുറത്തിറങ്ങി നിന്നു. ഈ സമയം കറുത്ത മാരുതി കാറിലെത്തിയ ബിനുകുമാറും സംഘവും പെട്രോൾ നിറച്ച കുപ്പി തിരികൊളുത്തി ഇന്നോവയ്ക്ക് നേരെ എറിയുകയായിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങളും ഫോൺകോൾ വിവരങ്ങൾ, ടവർ ലൊക്കേഷനുകൾ തുടങ്ങിയവയും പ്രതികളിലേക്ക് എത്താൻ സഹായകരമായി.
ഗൂഢാലോചനയ്ക്ക് പിന്നിൽ
ആഴക്കടൽ മത്സ്യബന്ധന കരാറിൽ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ നിലപാട് ഷിജു വർഗീസിനെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് മന്ത്രിക്കെതിരെ കുണ്ടറയിൽ സ്ഥാനാർത്ഥിയായി. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ ജനവികാരം സൃഷ്ടിച്ച് പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഷിജു വർഗീസ് സ്വന്തം കാറിനുനേരേ ഗുണ്ടാസംഘാംഗം കൂടിയായ ഡ്രൈവറെ ഉപയോഗിച്ച് പെട്രോൾ കുപ്പി എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.