ഓച്ചിറ: ആലപ്പാട്ട് പഞ്ചായത്തിൽ 45 വയസ് കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് വാക്സിനേഷൻ ലഭിക്കുന്നില്ലെന്ന് പരാതി. മത്സ്യബന്ധനത്തിന് ഉൾക്കടലിൽ പോകുന്ന തൊഴിലാളികൾ കരയിൽ ഉള്ള ദിവസങ്ങൾ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്തതും ഓൺലൈൻ ബുക്കിംഗിലുള്ള അപാകതയുമാണ് വാക്സിനേഷൻ ലഭിക്കാത്തതിന് കാരണം. ആലപ്പാട് പഞ്ചായത്തിന് കീഴിൽ രണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങളാണുള്ളത്. പലദിവസങ്ങളിലും 400 ൽ പരം വാക്സിനേഷൻ ഇവിടെ നടക്കുമെങ്കിലും വാക്സിനേഷൻ ലഭിക്കുന്നത് അന്യദേശക്കാർക്കാണെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ മാസം കരയോഗങ്ങളുടെ നേതൃത്വത്തിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തി സമയക്രമം പാലിച്ച് വാക്സിനേഷൻ ക്യാമ്പ് നടത്തിയിരുന്നുവെങ്കിലും അത് നിറുത്തി വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറെ കണ്ട് ആലപ്പാടിന്റെ സാഹചര്യം ധരിപ്പിക്കുകയും സ്പോട്ട് രജിസ്ട്രേഷൻ നടപ്പിലാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്നും ഓൺലൈൻ രജിസ്ട്രേഷനുമായി മുന്നോട്ട് പോകുകയാണെങ്കിൽ ഇവിടെ സംഘർഷ സാദ്ധ്യതയുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എല്ലാ മത്സ്യ ത്തൊഴിലാളികൾക്കും സീസൺ ആരംഭിക്കുന്നതിന് മുമ്പ് വാക്സിൻ ലഭ്യമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അഭ്യർത്ഥിച്ചു.