5.26 ലക്ഷം രൂപ പിഴ ചുമത്തി
കൊല്ലം: മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസില്ലാതെ ക്വാറികളിൽ നിന്ന് പാറ കടത്തിയ ലോറികൾ വിജിലൻസ് പരിശോധനയിൽ കുടുങ്ങി. പാസില്ലാത്തതിന് പുറമേ അമിതമായി ലോഡ് കയറ്റിയവയടക്കമുള്ള ലോറികളാണ് പിടിച്ചെടുത്തത്. ആർ.ടി.ഒ അധികൃതർ നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിയതായി കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകൾക്ക് 5,26,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
കൊട്ടാരക്കര വയയ്ക്കൽ പുതുയിടത്തെ ക്വാറിയിൽ നിന്ന് പാറ കയറ്റിവന്ന ഒൻപത് ലോറികൾ പരിശോധിച്ചതിൽ അഞ്ചെണ്ണത്തിന് പാസില്ലായിരുന്നു. ഈ ലോറികൾ കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര പൊലീസിന് കൈമാറി. അമിതമായി ലോഡ് കയറ്റിയ എട്ട് വാഹനങ്ങൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പിനും കൈമാറി. പൂയപ്പള്ളി പൊരിയക്കോടുള്ള ക്വാറിയിൽ നിന്ന് ലോഡ് കയറ്റിവന്ന 12 ലോറികളും കസ്റ്റഡിയിലെടുത്തു. ഈ മാസം 20ന് ചടയമംഗലം കുരിയോടുള്ള പാറ ക്വാറിയിൽ നിന്ന് ലോഡ് കയറ്റിവന്ന മൂന്ന് ലോറികളിൽ നിന്നായി 69,0000 രൂപ പിഴ ഈടാക്കിയിരുന്നു. വരുംദിവസങ്ങളിലും രഹസ്യനിരീക്ഷണം തുടരുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി അറിയിച്ചു.
വിജിലൻസ് കൊല്ലം യൂണിറ്റിലെ ഇൻസ്പെക്ടർമാരായ എൻ. രാജേഷ്, എൻ. അബ്ദുൾ റഹുമാൻ, എസ്. സുധീഷ് കുമാർ, വി. ജോഷി, കൊട്ടാരക്കര ബ്ലോക്ക് ഓഫീസിലെ എക്സിക്യുട്ടീവ് എൻജിനിയർ സുനില, പത്തനാപുരം തഹസിൽദാർ (എൽ.ആർ) എം. റഹീം, എസ്.ഐമാരായ പി.കെ. രാജേഷ്, നിസാം, ആൽബർട്ട്, പി. ലിജു, ബി. സുനിൽ, ഫിലിപ്പോസ്, എ.എസ്.ഐമാരായ, ജയഘോഷ്, സജി, ദേവപാൽ, ശിവരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജൻ പീറ്റർ, എ. വേണുക്കുട്ടൻ, നവാസ്, തമ്പി, ദേവരാജൻ, സാഗർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.