കരുനാഗപ്പള്ളി : കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കരുനാഗപ്പള്ളി നഗരസഭയുടെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. രണ്ടാം ഘട്ട വ്യാപനം ആരംഭിച്ച സമയത്ത് തന്നെ താലൂക്ക് ആശുപത്രിയിൽ നടത്തി വന്നിരുന്ന ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾ നിറുത്തിവെച്ചത് രോഗികളെ ദുരിതത്തിലാക്കിയതായി യോഗം വിലയിരുത്തി . നിലവിൽ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് സെന്ററിൽ 15 കിടക്കകൾ മാത്രമാണുള്ളത്. നിരവധി രോഗികൾ എത്തുന്ന ഹോസ്പിറ്റലിൽ ഇത് തീർത്തും അപര്യാപ്തമാണ്. അടിയന്തരമായി കിടക്കകളുടെ എണ്ണം കൂട്ടുകയോ, അല്ലെങ്കിൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് സ്കൂളിൽ നടത്തി വന്നിരുന്ന സി.എഫ്.എൽ.സി.ടി സെന്റർ പുനരാരംഭിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷിന്റ അദ്ധ്യക്ഷതയിൽ കൂടിയ പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരായ സതീഷ് തേവനത്ത്,സി.ശ്രീഹരി, ശാലിനി രാജീവൻ, നിഷ പ്രദീപ്‌ എന്നിവർ സംസാരിച്ചു.