അഞ്ചൽ: വീടുകയറി ആക്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവ് മരണപ്പെട്ട കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. അഞ്ചൽ ശ്രീകൃഷ്ണയിൽ എസ്. റജിത് കുമാർ, ഇദ്ദേഹത്തിന്റെ ഡ്രൈവർ ബിനുകുമാർ എന്നിവരെയാണ് കൊല്ലം ആറാം ആഡിഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് വെറുതെവിട്ടത്. കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം ഇടപ്പഴഞ്ഞി സ്വദേശി ഗോപനാണ് (മൊണ്ടി ഗോപൻ, 38) മരിച്ചത്.
2011 മാർച്ച് 3നായിരുന്നു സംഭവം. രാത്രിയിൽ അഞ്ചൽ ആർ.ഒ ജംഗ്ഷനിലെ റജിത് കുമാറിന്റെ വീട്ടിലെത്തിയ ഗോപൻ ഇദ്ദേഹത്തെയും ഡ്രൈവറെയും ആക്രമിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘട്ടനത്തിനിടെ അടിയേറ്റാണ് ഗോപൻ മരിച്ചത്. കൊലക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഗോപൻ പരോളിലിറങ്ങിയ ശേഷം ഏരൂരിന് സമീപം ബന്ധുവീട്ടിൽ ഒളിവിൽ കഴിയവേയാണ് റജിത് കുമാറിന്റെ വീട്ടിൽ ആക്രമണം നടത്തിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ ഗോപനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.