അഞ്ചൽ: കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ അഞ്ചൽ മേഖലയിലെ കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. അഞ്ചൽ പഞ്ചായത്തിലെ ചീപ്പുവയൽ, തെന്നൂർ, ഊളൻകുന്ന് എന്നീ വാർഡുകളും ഇടമുളയ്ക്കൽ പഞ്ചായത്തിലെ പെരുങ്ങള്ളൂർ, പെരുമണ്ണൂർ, തേവർതോട്ടം വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അഞ്ചൽ മേഖലയിൽ 600ലധികം കൊവിഡ് രോഗികളുണ്ട്. അലയമൺ പഞ്ചായത്തിലെ ഒരു വാർഡും കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണത്തിനായി ഗ്രാമപഞ്ചായത്തുകളും പൊലീസും ആരോഗ്യവകുപ്പും പ്രവർത്തനം ശക്തമാക്കി. അഞ്ചൽ പഞ്ചായത്തിൽ പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി പ്രസിഡന്റ് എസ്. ബൈജു പറഞ്ഞു. ബസ് സ്റ്റോപ്പുകളിലും പ്രധാന ജംഗ്ഷനുകളിലും സാനിറ്റൈസേഷൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് തീരുമാനിച്ചു. കൂടാതെ സൗജന്യ ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാക്കും. മേയ് 1 ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഏരൂർ പഞ്ചായത്തിലും പ്രസിഡന്റ് ടി. അജയന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി.പഞ്ചായത്തിലെ മിക്ക വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കൂടാതെ കൊവിഡ് പ്രഥമിക ചികിത്സാ സൗകര്യങ്ങളും ഒരുക്കി. ഇടമുളയ്ക്കൽ പഞ്ചായത്തിലും കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി.