sarayu
അഞ്ചാം ക്ളാസുകാരി സരയു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നൽകിയ തുക സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ദിനേശ് ബാബു ഏറ്റുവാങ്ങുന്നു

ചാത്തന്നൂർ: തന്റെ കുഞ്ഞു സ്വപ്നത്തെക്കാൾ വലുതാണ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തിൽ പങ്കുചേരുകയെന്ന ബോദ്ധ്യത്തിൽ കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ളാസുകാരി. ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയും ആദിച്ചനല്ലൂർ സാരംഗിയിൽ ഷിജുവിന്റെയും ബിജിയുടെയും മകളുമായ സരയുവാണ് സൈക്കിൾ വാങ്ങാൻ കൂട്ടിവച്ച പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

വീട്ടിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ അകലെയുള്ള സ്കൂളിലെത്താൻ ഒരു സൈക്കിൾ വാങ്ങണമെന്നത് സരയുവിന്റെ ഏറെനാളത്തെ സ്വപ്നമായിരുന്നു. പക്ഷേ,​ സൈക്കിളുമായി റോഡിലേക്കിറങ്ങാൻ ഏഴാം ക്ളാസ് കഴിയണമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോഴേ പരിശ്രമിച്ചാൽ ഏഴിലാകുമ്പോൾ സൈക്കിൾ വാങ്ങാൻ അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട. അന്ന് മുതൽ സരയു തനിക്ക് കിട്ടുന്ന ചെറിയ 'പോക്കറ്റ് മണി' കുടുക്കയിലാക്കി സൂക്ഷിക്കാൻ തുടങ്ങി.

ഇതിനിടെ കൊവിഡ് എന്ന ഭീകരൻ മടങ്ങിവന്നു. കൊവിഡിനെതിരെ പ്രതിരോധം തീർക്കുന്ന സർക്കാരിന് പിന്തുണയേകാൻ സരയു തീരുമാനിച്ചു. സൈക്കിളും ദുരിതാശ്വാസ നിധിയും ആ കുഞ്ഞുമനസിന്റെ തുലാസിൽ തൂക്കിയപ്പോൾ തന്റെ സ്വപ്നം മാറ്റിവയ്ക്കേണ്ടതാണെന്ന് തോന്നി. കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു.

വിവരമറിഞ്ഞ മുൻ ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ ഇവരെയും കൂട്ടി സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ദിനേശ് ബാബുവിന്റെ വസതിയിലെത്തി. സരയു വച്ചുനീട്ടിയ കുടുക്ക പൊട്ടിച്ച് അദ്ദേഹം എണ്ണിനോക്കി,​ 2,​001 രൂപ. ഒപ്പമുണ്ടായിരുന്നവർ തലയിൽ കൈവച്ച് അഭിനന്ദിച്ചപ്പോൾ സന്തോഷവും അഭിമാനവുമാണ് ആ അഞ്ചാം ക്ളാസുകാരിയുടെ കണ്ണുകളിൽ തിളങ്ങിയത്.