കൊട്ടാരക്കര: കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി താലൂക്കിൽ റവന്യൂ വകുപ്പും പൊലീസും ആരോഗ്യ വകുപ്പും കർശന പരിശോധന നടത്തി.കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശോധന കാരണം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം പൊതുവെ കുറവാണ്. പൊതുവാഹനങ്ങളുടെ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. ഇന്നലെ എഴുകോൺ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ഡെപ്യൂട്ടി കളക്ടറുടെയും കൊട്ടാരക്കര തഹസീൽദാരുടെയും നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി. കൊവിഡ് നിയന്ത്രണം ലംഘിച്ച 5 പേർക്ക് പിഴ ഇടുകയും 20 പേർക്ക് താക്കീത് നൽകുകയും ചെയ്തു, പരിശോധനയിൽ ഡെപ്യൂട്ടി തഹസീൽദാർ ഷിജു, എഴുകോൺ പൊലീസ് സബ് ഇൻസ്പെക്ടർ ,താലൂക്ക് ജീവനക്കാരായ ഹരികുമാർ, സന്തോഷ് എന്നിവരും പങ്കെടുത്തു
.
9 കേന്ദ്രങ്ങൾ കണ്ടെയ്ൻമെന്റ് സോൺ
എഴുകോൺ ഗ്രാമ പഞ്ചായത്തിലെ ചീരങ്കാവ് ചിറ്റാകോട് വാർഡുകളിലെ 9 പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം ഉണ്ടായതോടെ ഈ 9 കേന്ദ്രങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിറ്റാകോട് വാർഡിലെ വട്ടമൺകാവ്, കാഞ്ഞിരംവിള, പാറപ്പുറം,കാവയ്യം പ്രദേശങ്ങളും ചീരങ്കാവ് വാർഡിലെ പരുത്തംപാറ, പേഴൂക്കോണം, ശാസ്ത്രിനഗർ, പൈങ്ങാമുകൾ, പാറയ്ക്കൽ എന്നീ പ്രദേശങ്ങളുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ മാത്രം നൂറിലധികം കൊവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.