photo
കുറ്റിക്കാട് മൂടിയ കൊട്ടാരക്കര പുലമൺ തോട്

കൊല്ലം: കൊട്ടാരക്കര പട്ടണത്തിന്റെ തെളിനീരുറവയായിരുന്ന പുലമൺതോട് നിലനിൽപ്പിനായി കേഴുന്നു. സംരക്ഷണ പദ്ധതികൾ ഒട്ടേറെ പ്രഖ്യാപിച്ചു. അളന്ന് തിരിക്കലും കയ്യേറ്റം ഒഴിപ്പിക്കലുമൊക്കെ വഴിപാടുപോലെ നടത്തി.നീരൊഴുക്ക് നിലച്ച്, മാലിന്യം അടിഞ്ഞുകൂടി, കുറ്റിക്കാടുകൾ വളർന്ന് തോട് തീർത്തും നാശത്തിലാണ്. കൊട്ടാരക്കര പട്ടണത്തിന്റെ മുഖശ്രീയാകേണ്ട തോട് ഓരോ ദിനവും ശോച്യാവസ്ഥയിലേക്ക് നീങ്ങുമ്പോഴും അധികൃതർ ഗൗനിക്കുന്നില്ല. ഇനിയും ഈ അവഗണന തുടർന്നാണ് പുലമൺ തോട് വലിയ താമസമില്ലാതെ അകാലമൃതിയടയും.

പദ്ധതികൾ ഏറെ

സംസ്ഥാന സർക്കാർ ഹരിത കേരളത്തിൽ ഉൾപ്പെടുത്തി പുലമൺ തോടിന്റെ സംരക്ഷണത്തിന് 13.92 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഈ പദ്ധതിയെവിടെയെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമില്ല. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും സംരക്ഷണമൊരുക്കാനും തുടങ്ങിവച്ച പദ്ധതികളൊക്കെ പാതിവഴിയിൽ നിലച്ചതിന്റെ ഗതികേടിലാണ് പുലമൺ തോട്.

ഒരു പദ്ധതിയും ഇല്ലെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോട് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ നഗരസഭ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

ബോട്ടിറക്കൽ സ്വപ്നം

മീൻപിടിപ്പാറ മുതൽ കല്ലടയാറ്റിലെ അന്തമൺവരെ നീളുന്ന പുലമൺ തോട് നവീകരിക്കാനായിരുന്നു 13.92 കോടി രൂപയുടെ പദ്ധതി. തോട് മാലിന്യമുക്തമാക്കാനും സ്വാഭാവിക നീരൊഴുക്കിന് സംവിധാനമൊരുക്കാനും ലക്ഷ്യമിട്ടിരുന്നതാണ്. നല്ല നീരൊഴുക്ക് ഉണ്ടാകുമ്പോൾ ചെറിയ ബോട്ടുകളും വള്ളങ്ങളുമിറക്കി സഞ്ചാരികളെ ആകർഷികാമെന്നതടക്കം ഒട്ടേറെ കണക്കുകൂട്ടലുകൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. മീൻപിടിപ്പാറ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തുവെങ്കിലും പുലമൺ തോടിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയിട്ടില്ല. ഈ തോട്ടിലൂടെ ബോട്ട് ഓടുന്നത് നാട്ടുകാരുടെ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.