കൊല്ലം: ലേബർ ക്യാമ്പുകളിൽ തൊഴിലാളികളെ കൂട്ടമായി പാർപ്പിക്കുന്നതിനെതിരെ താക്കീതും നടപടി നോട്ടീസും നൽകി ജില്ലാ കളക്ടർ. സിറ്റി പൊലിസ് കമ്മിഷണർ ടി. നാരായണനൊപ്പം കൊട്ടിയത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ലേബർ ക്യാമ്പുകളിലും സന്ദർശനം നടത്തിയ കളക്ടർ ബി. അബ്ദുൽ നാസർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.
തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. തൊഴിലാളികളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ താമസിപ്പിക്കുകയാണെങ്കിൽ അത്തരം ക്യാമ്പുകൾ അടപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ ഗുരുതര ലംഘനങ്ങൾ
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനങ്ങളാണ് കണ്ടെത്തിയത്. നാലായിരം ചതുരശ്രയടി വലിപ്പമുള്ള വലിയ കടകളിൽ പോലും ഒരു കുപ്പി സാനിറ്റൈസർ മാത്രമാണുള്ളത്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ മാത്രമാണ് സാനിറ്റൈസർ വച്ചിട്ടുള്ളത്. നാലു നിലകളിലായി പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ആകെ നാല് ചെറിയ കുപ്പി സാനിറ്റൈസറുകൾ മാത്രമാണ് സൂക്ഷിച്ചിരുന്നത്. മിക്ക കടകളിലും സന്ദർശക രജിസ്റ്ററും കൃത്യമായി സൂക്ഷിക്കുന്നുണ്ടായിരുന്നില്ല.
കർശന നടപടി സ്വീകരിക്കും
കടകൾക്ക് അകത്തുനിന്ന് സാധനങ്ങൾ എടുക്കുന്ന വ്യക്തികൾക്ക് അവിടെ തന്നെ കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഇതിനായി വലിയ കടകളുടെ ഓരോ കോർണറുകളിലും സാനിറ്റൈസറുകൾ സൂക്ഷിച്ചിരിക്കണം. മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.