ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ വിവിധ മേഖലകളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിയന്ത്രണങ്ങളും പരിശോധനകളും തുടരുന്നതിനിടയിലും താലൂക്കിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഗ്രാമ പഞ്ചായത്തുകളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പുകൾ നൽകുണ്ട്. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങളും മറ്റു പരിപാടികളും മാത്രമാണ് നടക്കുന്നത്. താലൂക്കിലെ 7 പഞ്ചായത്തുകളിൽ മൈനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത്.125 പേർക്കാണ് മൈനാഗപ്പള്ളിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. പടിഞ്ഞാറെ കല്ലടയിലെ ഐത്തോട്ടുവ പന്ത്രണ്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി നേരത്തെ പ്രഖ്യാപിച്ചു. പ്രദേശത്ത് നിയന്ത്രണങ്ങൾ തുടരുകയാണ്. വിവിധ പഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ താലൂക്കിന്റെ വിവിധ മേഖലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് പരിശോധന കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

രോഗികളുടെ എണ്ണം പഞ്ചായത്ത് തലത്തിൽ

ശാസ്താംകോട്ട : 81

മൈനാഗപ്പള്ളി - 125

പോരുവഴി - 71

ശൂരനാട് വടക്ക്‌ - 99

കുന്നത്തൂർ - 47

പടിഞ്ഞാറെ കല്ലട - 70

ശൂരനാട് സൗത്ത് - 93