c

സിറ്റിയിൽ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവരുടെ എണ്ണം ഉയരുന്നു

കൊല്ലം: ഒരു കാരണവുമില്ലാതെ വെറുതേ ചുറ്റിക്കറങ്ങണം, നിയന്ത്രണമുണ്ടെങ്കിൽ പിന്നെ പറയുകയുംവേണ്ട. എന്നാൽ പിന്നെ ഒന്ന് കറങ്ങിയിട്ട് വരാം. നഗരത്തിലുള്ള ചിലരുടെ മനോഭാവമാണിത്. '' കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ എന്തിനാണ് ഇങ്ങനെ അനാവശ്യമായി ചുറ്റിയടിക്കുന്നത് ''. പൊലീസുകാരുടെ ചോദ്യത്തിന് നിസാരമായ മറുപടി, ''ചുമ്മാ, വെറുതെ''. മിക്ക ദിവസങ്ങളിലും പൊലീസിന്റെ പരിശോധനയ്ക്കിടയിൽ നടക്കുന്ന സംഭവങ്ങളാണിത്. ഇത്തരത്തിൽ അനാവശ്യമായി കറങ്ങാനിറങ്ങുന്നവരിൽ അധികവും യുവാക്കളാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പൊലീസ് പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മാത്രം മതിയാകും വെറുതേ ചുറ്റിയടിക്കുന്നവർ എത്രയധികം പേരാണെന്ന് മനസിലാക്കാൻ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 3017 പേർക്കെതിരെയാണ് സിറ്റി പൊലീസ് കേസെടുത്തത്. ഇന്നലെ മാത്രം 1723 കേസുകളാണ് രജിസ്റ്റർ ചെയ്‍തത്. ഇത്തരത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ 456 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിൽ 248 പേരെ ഇന്നലെ മാത്രം പിടികൂടിയതാണ്.

സ്വയം നിയന്ത്രണം അനിവാര്യം

രൂക്ഷമായി തുടരുന്ന കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി പൊലീസ്, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് തുടങ്ങിയവർ രാപ്പകലില്ലാതെ പ്രയത്നിക്കുമ്പോൾ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം. സ്വയം നിയന്ത്രണം അനിവാര്യമാണെന്നാണ് അധികൃതർ ആവർത്തിച്ച് ജനങ്ങളോട് പറയുന്നത്. അനാവശ്യ യാത്രകൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾക്കാണ് ശുപാർശ നൽകിയിരിക്കുന്നത്.

ഇന്നലെ രജിസ്റ്റർ ചെയ്ത കേസുകൾ: 1723
അറസ്റ്റിലായവർ: 248
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ: 6

ഒന്നിലധികം തവണ അനാവശ്യമായി യാത്രചെയ്യാൻ എത്തിയാൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള നടപടി സ്വീകരിക്കും

സിറ്റി പൊലീസ്