കൊല്ലം: കൊല്ലം എസ്.എൻ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ സുപ്രധാന രേഖകൾ കോളേജ് കാമ്പസിനുള്ളിലെ ഓഫീസിൽ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് കൊല്ലം സി.ജെ.എം കോടതിയുടെ ഉത്തരവ്. സംഘടനയുടെ ട്രഷറർ കൂടിയായ കോളേജ് പ്രിൻസിപ്പൽ സൂക്ഷിക്കേണ്ട കാഷ് ബുക്കുകൾ, പാസ് ബുക്കുകൾ, ചെക്ക് ബുക്കുകൾ, ലഡ്ജർ തുടങ്ങിയവ കൊണ്ടുപോയ അസോ. സെക്രട്ടറി ബാലചന്ദ്രന്റെ നടപടികൾക്കെതിരെയാണ് കൊല്ലം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ അന്വേണത്തിന് ഉത്തരവിട്ടത്.
അസോസിയേഷൻ ഓഫീസിന്റെ താക്കോലും രേഖകളും സെക്രട്ടറിയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കാനും കൊല്ലം ഈസ്റ്റ് സി.ഐയ്ക്ക് നിർദ്ദേശം നൽകി. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ സമർപ്പിച്ച സ്വകാര്യ അന്യായത്തിന്മേലാണ് കോടതിയുടെ ഉത്തരവ്. സംഘടനയുടെ ബൈലാ പ്രകാരം ട്രഷറർ സൂക്ഷിക്കേണ്ട രേഖകൾ സെക്രട്ടറി അനധികൃതമായി ദുരുപയോഗം ചെയ്തെന്നും വരവുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.