covid

തഴവ: ജില്ലയിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കുലശേഖരപുരത്ത് നിലവിലെ നിയന്ത്രണങ്ങൾ അപര്യാപ്തതമാണെന്ന ആക്ഷേപം വ്യാപകം. പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും രോഗ വ്യാപനം തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വൃദ്ധരും അവശരുമായ രോഗികളെപ്പോലും അവരവരുടെ വീട്ടിൽ തന്നെ താമസിപ്പിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം അവശനിലയിലായ കടത്തൂർ സ്വദേശികളായ രണ്ട് പേർക്ക് കിടത്തി ചികിത്സ ഒരുക്കുവാൻ ഈ മേഖലയുടെ ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ രണ്ട് മണിക്കൂറോളമാണ് നെട്ടോട്ടമോടിയത്. ഒടുവിൽ ഇവരെ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാൽ പഞ്ചായത്തിലെ രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ് വന്നിട്ടും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നതിനുള്ള നടപടി ഇല്ല.

രോഗികളുടെ എണ്ണം കൂടും

കൊവിഡ് ഒന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയ കടത്തൂർ മേഖലയിൽ (വാർഡ് - 8, 10 ) ഇപ്പോഴും പഴയ സ്ഥിതി ആവർത്തിക്കുകയാണ്. ഇവിടെ ഇതുവരെ തൊണ്ണൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.പൊതുവേ ജനസാന്ദ്രത കൂടുതലുള്ള ഇവിടെ പന്ത്രണ്ടോളം ആരാധനാലയങ്ങളുമുണ്ട്. ഉൾനാടൻ മേഖലയായ ഇവിടെ നിയന്ത്രണങ്ങൾ കാര്യക്ഷമമായി നടക്കാത്തതാണ് രോഗ വ്യാപനം വർദ്ധിക്കുവാൻ കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള മേഖലയായി ഇവിടം മാറുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. പഞ്ചായത്തിലെ 22-ാം വാർഡിലെ സ്ഥിതിയും രൂക്ഷമായി തുടരുകയാണ്. നിലവിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ഇവിടെയാണ്.

പരിശോധനാ ഫലം വൈകുന്നു

കൊവിഡ് പരിശോധനയുടെ ഫലം ആളുകളിലേക്ക് എത്തുന്നതിനും കാലതാമസം നേരിടുന്നതായി ആരോപണം. തഴവയിൽ പരിശോധനയ്ക്ക് വിധേയരായവരുടെ ഫലം കൊല്ലം നഗരസഭയുടെയും കരുനാഗപ്പള്ളി നഗരസഭയുടെയും ലിസ്റ്റിൽ പ്രസിദ്ധീകരിക്കുന്നുവെന്നാണ് വ്യാപകമായ പരാതിഅതുകൊണ്ട് തന്നെ കൊവിഡ് പൊസറ്റീവ് ആയ രോഗികളുടെ ഫലം പോലും അറിയാൻ വൈകുകയും അത് കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാൻ കാരണമാകുന്നതായും നാട്ടുകാർ പറയുന്നു.