a
എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലും യൂത്ത് കോൺഗ്രസ് എഴുകോൺ മണ്ഡലം സെക്രട്ടറി പി.ഡി. ദിഷാന്തും ചേർന്ന് ശിവദാസനെ ആംബുലൻസിൽ കയറ്റുന്നു

എഴുകോൺ: കടത്തിണ്ണയിൽ അവശനായി കിടന്ന വൃദ്ധന് രക്ഷകനായി എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ. എഴുകോൺ കോട്ടവിള മണ്ണാരഴികത്ത് വീട്ടിൽ ശിവദാസൻ (80) ആണ് നാല് മണിക്കൂറോളം എഴുകോൺ ജംഗ്ഷന് സമീപത്തെ കടത്തിണ്ണയിൽ അവശനായി കിടന്നത്. ശ്വാസം മുട്ടലും അവശതയും അനുഭവപ്പെട്ട ശിവദാസനെ കൊവിഡ് ഭീതിയിൽ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. വിവരം അറിഞ്ഞ് എത്തിയ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അറിയിച്ച് ആംബുലൻസ് എത്തിച്ചെങ്കിലും ശിവദാസനെ ആംബുലൻസിൽ കയറ്റാനും നാട്ടുക്കാർ മടിച്ചു. തുടർന്ന് പി. പി.ഇ കിറ്റ് ധരിച്ച് രതീഷും യൂത്ത് കോൺഗ്രസ് എഴുകോൺ മണ്ഡലം സെക്രട്ടറി പി.ഡി. ദിഷാന്തും ചേർന്ന് ശിവദാസനെ ആംബുലൻസിൽ കയറ്റി പ്ലാക്കോട്‌ പി.എച്ച്.സിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശിവദാസൻ കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.