കൊല്ലം: മുണ്ടയ്ക്കൽ ക്വയിലോൺ പുവർഹോമിന് തുടർച്ചയായ അഞ്ചാം വർഷവും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 25 ലക്ഷം രൂപയുടെ ധനസഹായമെത്തിച്ചു. അഗതി മന്ദിരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഇതിനോടകം 1.25 കോടി രൂപയാണ് എം.എ. യൂസഫലി നൽകിയത്.
ക്വയിലോൺ പുവർഹോമിന്റെ ശോച്യാവസ്ഥ മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട യൂസഫലി 2017ലാണ് 25 ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചത്. തുടർന്ന് എല്ലാ വർഷവും മുടങ്ങാതെ 25 ലക്ഷം രൂപ അന്തേവാസികളുടെ ഭക്ഷണത്തിനും, ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി നൽകിവരികയാണ്. ഈ തുക വിനിയോഗിച്ച് അന്തേവാസികൾക്കായി പുതിയ കിടക്കകൾ, ടോയ്ലെറ്റുകൾ, ചികിത്സാ സൗകര്യങ്ങൾ, മാനസികോല്ലാസത്തിനായുള്ള സൗകര്യങ്ങൾ മുതലായവ അധികൃതർ സജ്ജമാക്കി.
പുവർഹോം അങ്കണത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഡി. ശ്രീകുമാറിന് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ ചെക്ക് കൈമാറി. ലുലു ഗ്രൂപ്പ് പി.ആർ.ഒ സൂരജ്, വാർഡ് കൗൺസിലർ സജീവ് സോമൻ, മാനേജിംഗ് കമ്മിറ്റിയംഗം സുരേഷ് ബാബു, പുവർഹോം സൂപ്രണ്ട് വത്സലൻ തുടങ്ങിയവർ പങ്കെടുത്തു.