പരവൂർ: എല്ലാ പൗരൻമാർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പരവൂർ ടൗൺ ബ്ലോക്ക് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാക്സിൻ സൗജന്യമായി നൽകാനുള്ള സംസ്ഥാന സർക്കാരിന് പിന്തുണയേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂണിയൻ അംഗങ്ങൾ പരമാവധി തുക നൽകണമെന്നും യോഗം അഭ്യർത്ഥിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി. സുന്ദരാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ജയലാൽ പ്രമേയം അവതരിപ്പിച്ചു.