കരുനാഗപ്പള്ളി: കോൺക്രീറ്റ് മിക്‌സ്ചർ മെഷീനിൽ അകപ്പെട്ട തൊഴിലാളിയുടെ വലത് കൈ മുട്ടിന് താഴെ വച്ച് മുറിച്ച് നീക്കി ആളെ രക്ഷപ്പെടുത്തി. കോഴിക്കോട് മേക്ക് തങ്കേത്ത് വടക്കതിൽ നാസറിന്റെ (51) കൈയ്യാണ് മുട്ടിന് താഴെ വച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം മുറിച്ച് നീക്കിയത്. ഇന്നലെ രാവിലെ 8.30 ന് പാലമൂട് ജംഗ്ഷന് കിഴക്ക് വശമാണ് സംഭവം നടന്നത്. ഇവിടെ പിണറുംമൂട്ടിൽ - പാലമൂട് മുക്ക് റോഡിന്റെ പണി നടക്കുകയാണ്. റോഡ് വശത്തെ ഓടയുടെ കോൺക്രീറ്റുമായി ബന്ധപ്പെട്ട് സിമന്റും മെറ്റലും കുഴക്കുന്നതിനിടയിലാണ് നാസറിന്റെ വലത് കൈ മെഷീനുള്ളിൽ അകപ്പെട്ടത്. പെട്ടെന്ന് തന്നെ മെഷീൻ ഓഫ് ആക്കിയെങ്കിലും കൈ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി നാസറിന്റെ കൈ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ വിദഗ്ധസംഘം എത്തി നാസറിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്. രക്തം വാർന്നൊലിക്കുന്ന നാസറിന് ഉടൻ ഫസ്റ്റ് എയിഡ് ട്രീറ്റ്മെന്റ് നൽകി. മെഷീനുള്ളിൽ നിന്ന് കൈ പുറത്തെടുക്കാനുള്ള ഡോക്ടർമാരുടെ ശ്രമവും വിഫലമായി. തുടർന്ന് ഡോക്ടർമാർ കൂടി ആലോചിച്ച് കൈ മുറിക്കാൻ തീരുമാനിച്ചു. ഈ സമയമെല്ലാം നാസർ വേദന കൊണ്ട് പുളയുകയായിരുന്നു. കൈ മുറിച്ച് മാറ്റിയ ശേഷം നാസറിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആത്യാവശ്യ ചികിത്സ നൽകിയ ശേഷം മുറിച്ച കൈ ഉൾപ്പടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പ്രവാസി ആയിരുന്ന നാസർ നാട്ടിൽ വന്ന ശേഷം ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഇന്നലെ ഓടയുടെ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ ഇറക്കിയ ശേഷമാണ് കോൺക്രീറ്റിന് നിന്നത്. കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ തൊഴിലാളിയാണ് നാസർ