കുന്നിക്കോട് : വിളക്കുടിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സദാ പ്രവർത്തന സജ്ജമായിരിക്കേണ്ട അംബുലൻസ് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വിശ്രമിക്കുകയാണ്. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിലെ ആംബുലൻസാണ് ഡ്രൈവറില്ലാത്തതിന്റെ കാരണത്താൽ പ്രയോജനരഹിതമായിരിക്കുന്നത്. 40000 രൂപയിലധികം മുടക്കി ആംബുലൻസിന്റെ അറ്റകുറ്റപണികൾ ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഡ്രൈവറെ നിശ്ചയിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. കൊല്ലം ജില്ലാ കളക്ടറുടെ യോഗത്തിൽ ആംബുലൻസ് വിഷയം വിളക്കുടി പഞ്ചായത്ത് ഭരണ സമിതി അവതരിപ്പിച്ചപ്പോൾ ഉടൻ തന്നെ ഡ്രൈവറെ നിയമിക്കണമെന്ന് കളക്ടർ ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകി. പക്ഷേ ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയായില്ല.
ഓടിക്കിട്ടുന്നതിൽ നിന്ന് ശമ്പളം
പഞ്ചായത്ത് അധികൃതർ മുൻപ് നിയമിച്ച ഡ്രൈവറിന് സർക്കാർ നിർദ്ദേശിക്കുന്ന യോഗ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. തുടർന്ന് നിയമനം തടഞ്ഞു. എങ്കിൽ ആരോഗ്യ വകുപ്പ് തന്നെ യോഗ്യതയുള്ള ഡ്രൈവറെ കണ്ടെത്താൻ പഞ്ചായത്ത് ആവശ്യപ്പെട്ടു. പക്ഷേ അരോഗ്യ വകുപ്പിന് അത് കഴിഞ്ഞില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ അത് സാദ്ധ്യമല്ലെന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞത്. ഡ്രൈവറിന് ഒരു നിശ്ചിത ശമ്പളം നൽകാൻ അധികൃതർക്ക് കഴിയാത്തതാണ് പ്രധാന കാരണം. ആംബുലൻസ് യാത്രക്കാരുമായി ഓടുന്നതിൽ നിന്ന് വേണം ഡ്രൈവറിന് ശമ്പളവും ഇന്ധന ചെലവും കണ്ടെത്താൻ. ആംബുലൻസിന് ഓട്ടമില്ലെങ്കിൽ ഡ്രൈവറിന് വരുമാനം ലഭിക്കാത്തതിനാൽ ആരും ഈ ജോലി ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല.
സ്വകാര്യ ആംബുലൻസ് ആശ്രയം
പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ദിനംപ്രതി 100 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലുള്ള കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. നിലവിൽ ഒരു ജെ.പി.എച്ച്.എന്നിന്റെയും ക്ലർക്കിന്റെയും ഒഴിവുണ്ട്. മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ഏക സി.എഫ്.എൽ.ടി.സിയും വിളക്കുടി പഞ്ചായത്തിലാണ് .രോഗികളെ ഇവിടേക്ക് കൊണ്ട് വരാനും മറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകാനും ആംബുലൻസ് അനിവാര്യമാണ്. നിലവിൽ സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്.