കൊല്ലം: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യക്കാർക്ക് രക്തദാതാക്കളെ കണ്ടെത്താനുമായി മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ നേവൽ ആൻഡ് ആർമി എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ബ്ളഡ് ഡൊണേഷൻ ഫാറം ആരംഭിക്കാൻ തീരുമാനിച്ചു. എൻ.സി.സി കേഡറ്റുകൾ, പൂർവ കേഡറ്റുകൾ, സന്നദ്ധരായ യുവാക്കൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ബ്ളോഗിൽ ഗൂഗിൾ ഫോമിലൂടെ വിവരങ്ങൾ രേഖപ്പെടുത്തി രക്തദാതാക്കൾക്ക് പങ്കാളിയാകാനും ആവശ്യക്കാർക്ക് ദാതാക്കളെ കണ്ടെത്താനും സാധിക്കും. രജിസ്ട്രേഷൻ ഉദ്ഘാടനം വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ സാനി നിർവഹിച്ചു.
പദ്ധതിയുടെ വിജയത്തിനായി എ.എൻ.ഒമാർ സി.ടി.ഒമാർ എന്നിവർ പതിനെട്ട് വയസ് പൂർത്തിയായ കേഡറ്റുകളെയും പൂർവ കേഡറ്റുകളെയും ബ്ളോഗിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ജി. ഷൈലു, ആർമി വിംഗ് അസോ. എൻ.സി.സി ഓഫീസർ പ്രവീൺ ചന്ദ്രഹാസൻ, നേവി വിംഗ് അസോ. എൻ.സി.സി ഓഫീസർ അമൽ എസ്. നായർ എന്നിവർ അഭ്യർത്ഥിച്ചു.