emcc

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കാറിന് നേരെ പെട്രോൾ കുപ്പിയെറിഞ്ഞ് കത്തിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

സ്വന്തം കാർ കത്തിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ തിരിച്ചുവിടാൻ ശ്രമിച്ച സംഭവത്തിൽ കുണ്ടറയിലെ ഡി.ജെ.എസ്.പി സ്ഥാനാർത്ഥിയും ഇ.എം.സി.സി എം.ഡിയുമായ കൊച്ചി കുഴുപ്പള്ളി, അയ്യമ്പള്ളി എടപ്പാട് വീട്ടിൽ ഷിജു വർഗീസ് (48), മാനേജർ കൊച്ചി ഇടപ്പള്ളി വെണ്ണല അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം തുരുത്തിയിൽ ശ്രീകാന്ത് (41), ഡ്രൈവർ തിരുവനന്തപുരം മലയിൻകീഴ് ഭാഗ്യാലയത്തിൽ വിനുകുമാർ (41)എന്നിവരെയാണ് കൊട്ടാരക്കര കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ ഗൂഢാലോചന നടത്തിയ കൊച്ചി, പാലാരിവട്ടം, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലും സംഭവസ്ഥലത്തും ഇന്നും നാളെയും എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചി, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരാളെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്.

മന്ത്രിക്കെതിരെ മത്സരിച്ച തന്നെ ബോംബെറിഞ്ഞ് കാർ കത്തിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് വരുത്തിതീർത്ത് ജനവികാരം മന്ത്രിക്കെതിരെ തിരിച്ചു വിടാനാണ് പിടിയിലായ ഷിജു വർഗീസും കൂട്ടാളികളും ചേർന്ന് തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ കണ്ണനല്ലൂർ - കുണ്ടറ റോഡിൽ കുരീപ്പള്ളിക്കും പാലമുക്കിനും ഇടയിൽ ബോംബേറ് നാടകം നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.