കുന്നിക്കോട് : ശക്തമായ ഇടിമിന്നലേറ്റ് വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
പഞ്ചായത്ത് സെക്രട്ടറിയുടെ കംപ്യൂട്ടർ ഉൾപ്പടെ നിരവധി വൈദ്യുത ഉപകരണങ്ങൾ നശിച്ചു. സെക്ഷൻ ഓഫീസിലുള്ള രണ്ട് കംപ്യൂട്ടറുകൾ, ഒരു പുതിയ ഫോട്ടോകോപ്പി മെഷീൻ, മൂന്ന് ഫാനുകൾ, ഒരു ഇന്റക്ഷൻ കുക്കർ, ഒരു ടി.വി. എന്നിവയാണ് ഇടിമിന്നലേറ്റ് നശിച്ചത്. കൂടാതെ പഞ്ചായത്ത് കാര്യാലയത്തിന്റെ സമീപത്തുള്ള കൂറ്റൻ മരത്തിനും ഇടിമിന്നലേറ്റു. വിളക്കുടി പഞ്ചായത്ത് കെട്ടിടതിന്റെ വശത്തായി നിൽക്കുന്ന ഈ കൂറ്റൻ മരം അപകട ഭീഷണിയിലാണ്. മരത്തിന്റെ പിന്നിലും വശങ്ങളിലുമായി നിരവധി കാര്യാലയങ്ങളുണ്ട്. മുൻപിലാണെങ്കിൽ ക്ഷേത്രത്തിന്റെ കാവും.കൂടാതെ വൈദ്യുതി കമ്പികളും ഈ മരത്തിന്റെ താഴെ ഭാഗത്ത് കൂടിയാണ് കടന്ന് പോകുന്നത്. മരം എവിടെ വീണാലും അപകടം ഉറപ്പാണ്. നിരവധി പൊതുജനങ്ങളും ഉദ്യോഗസ്ഥരുമാണ് ദിനംപ്രതി ഇവിടെ വന്ന് പോകുന്നത്. മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാണ്.