കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ ഓരോ ദിവസം പിന്നിടുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ 30 കേസുകൾ പുതുതായി കണ്ടെത്തി. ഇതോടെ രോഗികളുടെ എണ്ണം 300 കവിഞ്ഞു. നഗരസഭയുടെ പരിധിയിൽ വരുന്ന 13, 14, 30 ഡിവിഷനുകളിലാണ് രോഗികൾ കൂടുതൽ ഉള്ളത്. 14-ാം ഡിവിഷനിൽ 28 രോഗികളും 13-ാം ഡിവിഷനിൽ18 രോഗികളും ഉണ്ട്.
റീടെസ്റ്റിംഗ് പുനരാരംഭിക്കണം
കർശന നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ രോഗം വ്യാപിക്കാൻ ഇടയാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ കരുനാഗപ്പള്ളി നഗരസഭയിലെ 1, 2, 31 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 13,14,30 ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റീവ് ആയതിന് ശേഷം 10 ദിവസം കഴിഞ്ഞ് രോഗികളെ റീ ടെസ്റ്റിന് വിധേയമാക്കാറുണ്ടായിരുന്നു. എന്നാൽ കരുനാഗപ്പള്ളിയിൽ റീടെസ്റ്റിംഗ് നിറുത്തി വെച്ചിരിക്കുകയാണ്. ഇത് പുനരാരംഭിച്ചെങ്കിൽ മാത്രമേ രോഗികളുടെ യഥാർത്ഥ കണക്ക് അറിയാൻ കഴിയൂ. രോഗം വന്ന് 10 ദിവസത്തിനകം റീ ടെസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവ് ആയാൽ കൊവിഡ് രോഗികളുടെ ലിസ്റ്റിൽ നിന്ന് രോഗം ഭേദമായവർ പുറത്താകും.
നിയന്ത്രണം ഏർപ്പെടുത്തണം
കുലശേഖരപുരം, തഴവ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം. ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലും രോഗം വളരെ കൂടുതലാണ്. ഇവിടെ നിന്നും ടൗണിലേക്ക് വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തണം. ടൗണിൽ പൊലീസിന്റെ പരിശോധന കൂടുതൽ കർശനമാക്കുന്നതോടൊപ്പം ഗ്രാമപ്രദേശങ്ങളിൽ പട്രോളിംഗ് കൂടുതൽ ശക്തപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെടുന്നു. നാട്ടുകാർ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു. ഇത് രോഗത്തിന്റെ ചങ്ങല പൊട്ടിക്കാൻ സഹായിക്കും.