ctc

ചാത്തന്നൂർ: പതിന്നാല് ലക്ഷം രൂപ ചെലവഴിച്ച് കൊവിഡ് ചികിത്സയ്ക്കും പരിചരണത്തിനും സൗകര്യമൊരുക്കിയ നടയ്ക്കലിലെ സ്വകാര്യ ബാങ്കിംഗ് പരിശീലന കേന്ദ്രം കല്ലുവാതുക്കൽ പഞ്ചായത്തിന് ചികിത്സാകേന്ദ്രമായി വിട്ടുനൽകാൻ ജില്ലാകളക്ടർ ഉത്തരവായി. നേരത്തേ കെട്ടിടം ഏറ്റെടുത്ത് സർക്കാർ ഫണ്ടും സ്വകാര്യ വ്യക്തികളുടെ സഹായവും ഉപയോഗിച്ചാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനുള്ള സൗകര്യങ്ങൾ ഏ‍ർപ്പെടുത്തിയത്. പിന്നീട് ഉടമകളുടെ ആവശ്യപ്രകാരം ഈ കെട്ടിടം താത്കാലികമായി തിരികെ നൽകിയിരുന്നു.

കൊവിഡ് രണ്ടാംതരംഗത്തിൽ പഞ്ചായത്തിൽ വ്യാപനം രൂക്ഷമായപ്പോൾ രോഗബാധിതരെ പ്രത്യേകം പാ‌ർപ്പിക്കുന്നതിനോ ചികിത്സ ലഭ്യമാക്കുന്നതിനോ സൗകര്യമില്ലാത്ത അവസ്ഥയുമുണ്ടായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് സൗകര്യങ്ങളേർപ്പെടുത്തിയ ഇത്തരം കെട്ടിടങ്ങൾ നോക്കുകുത്തിയായി മാറിയത് കേരളകൗമുദിയാണ് വാർത്തയിലൂടെ അധികൃതരെ ഓർമ്മപ്പെടുത്തിയത്. ഇതേത്തുടർന്ന് പഞ്ചായത്ത് അധികൃതർ കെട്ടിടം വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് മൂന്നു ദിവസം മുൻപ് ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും ഇന്നലെയാണ് ഉത്തരവ് ലഭിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, വാ‌ർഡ് മെമ്പർ പ്രമീള എന്നിവർ ഇന്നലെ തന്നെ സ്ഥാപനം ഏറ്റെടുക്കാൻ എത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. ഉടമകൾ ഇന്ന് താക്കോൽ കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.