പുനലൂർ: താലൂക്ക് ആശുപത്രിയിലെ ക്രമക്കേടും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്നവർക്കെതിരെ ആശുപത്രി അധികൃതർ പ്രതികാര ബുദ്ധിയോടെ കള്ളക്കേസ് ചമക്കുകയാണെന്ന് കേരള യൂത്ത്‌ ഫ്രണ്ട് ആരോപിച്ചു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ശരൺ ശശി, ബിജോയ് എന്നിവർക്കെതിരെ നടന്നത്. കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളെയും കൊണ്ട് താലൂക്ക് ആശുപത്രിയിൽ എത്തിയ ബന്ധുക്കളോട് കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമേ ചികിത്സ നൽകൂ എന്ന് വാശി പിടിച്ച ഡോക്ടർ ആണ് പ്രശ്നങ്ങൾക്ക് കാരണം. തുടർന്ന് ടെസ്റ്റ് നടത്താൻ തയ്യാറായ ബന്ധുക്കളോട് രോഗികളെ ആശുപത്രിക്ക് പുറത്തുകൂടി കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ എത്തിക്കുവാൻ പറയുകയും അറ്റൻഡറെ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ശരണിനെതിരെ ഡോക്ടർ തട്ടിക്കയറുകയും ടെസ്റ്റ് മനപ്പൂർവം താമസിപ്പിക്കുവാൻ ഇടപെടുകയും ചെയ്തു. സംഭവം വിവാദമാകുമെന്ന് കണ്ടപ്പോൾ പൊലീസിൽ കള്ളമൊഴി നൽകി കള്ളക്കേസ് എടുപ്പിക്കുകയായിരുന്നുവെന്ന് യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് രതീഷ് അലിമുക്ക്,​ പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അമൽ മോഹൻ എന്നിവർ പറഞ്ഞു. ,​