police

 പൊലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷിക്കും

കൊല്ലം: നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ പിടിച്ചുകെട്ടാൻ നഗരത്തിൽ കൂടുതൽ പൊലീസ് സ്ക്വാഡുകൾ കളത്തിലിറങ്ങുന്നു. സ്പെഷ്യൽ യൂണിറ്റുകളിലേതടക്കം നഗരപരിധിയിലെ 90 ശതമാനം പൊലീസുകാർക്ക് പുറമേ 55 സിവിൽ ഡിഫൻസ് വാളണ്ടിയർമാർ, 250 ജനമൈതി വാളണ്ടിയർമാർ എന്നിവരെയും ഉൾപ്പെടുത്തിയാണ് പുതിയ സ്ക്വാഡുകൾ രൂപീകരിക്കുന്നത്.

സിറ്റി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർക്കാണ് പുതിയ സ്ക്വാഡുകളുടെ മേൽനോട്ട ചുമതല. ഒരു ഇൻസ്പെക്ടറും മൂന്ന് എസ്.ഐമാർ എന്നിവരടങ്ങിയ സംഘമാണ് സ്ക്വാഡുകളെ നിയന്ത്രിക്കുന്നത്. ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും അപ്രതീക്ഷിത പരിശോധനകൾക്ക് പുറമേ കൊവിഡ് നിയന്ത്രണ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനവും സംഘം നിരീക്ഷിക്കും.

ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാനും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ വിവരശേഖരണവും ആരംഭിച്ചു. നിരത്തുകളിലുള്ള ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പുറമേ വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കുകയും അനാവശ്യ യാത്രകൾ നിരുത്സാഹപ്പെടുത്തുന്നുണ്ട്.

 '' വരുംദിവസങ്ങളിലെ പരിശോധനകളിൽ അനാവശ്യ യാത്രാക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങളുടെ മറ്റ് ലംഘനങ്ങളുമായി ബന്ധപ്പെട്ടും കടുത്ത നടപടികളുണ്ടാകും.''

ടി. നാരായണൻ (കമ്മിഷണർ)

 മാസ്ക് ധരിക്കാത്ത 4302 പേർക്ക് പിഴ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്ക് ധരിക്കാതിരുന്നതിന് 4302 പേർക്ക് പിഴ ചുമത്തി. 6,701 പേർക്ക് നോട്ടീസ് നൽകി. സാമൂഹ്യ അകലം പാലിക്കാത്തതിന് 1480 പേരിൽ നിന്നും പിഴ ഈടാക്കി. 5342 പേർക്ക് നോട്ടീസ് നൽകി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന 348 വാഹനങ്ങൾക്ക് നോട്ടീസ് നൽകി. 82 വാഹനങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 745 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. കഴിഞ്ഞ ദിവസം പിഴയിനത്തിൽ 5,84,000 രൂപ ഈടാക്കി.