meenad
ചിറക്കര ഗ്രാമപഞ്ചായത്തിലെ നെടുങ്ങോലം മീനാട് പ്രദേശത്ത് കോൺക്രീറ്റ് മിക്സിംഗ് പ്ളാന്റിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന നിലയിൽ

ചാത്തന്നൂർ: പരിസ്ഥിതി ദുർബല പ്രദേശത്ത് കോൺക്രീറ്റ് മിക്സിംഗ് പ്ളാന്റ് നിർമ്മിക്കാനുള്ള ശ്രമം ബി.ജെ.പി പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്തിലെ നെടുങ്ങോലം മീനാട് പ്രദേശത്ത് നെൽവയൽ നികത്തിയ ഭൂമിയിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനമാണ് ബി.ജെ.പി ചിറക്കര പഞ്ചായത്ത് സമിതിയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ചത്.

പഞ്ചായത്ത് അനുമതി പോലുമില്ലാതെയാണ് തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്ന മീനാട് പ്രദേശത്ത് നിലംനികത്തിയ ഭൂമി വാടകയ്ക്കെടുത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം നടന്നത്. രാവിലെയോടെ വൻകിട യന്ത്രോപകരണങ്ങളുമായി എത്തിയവരെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തി തടഞ്ഞ് മടക്കിഅയയ്ക്കുകയായിരുന്നു.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഒത്താശ ചെയ്യുന്ന പഞ്ചായത്ത് ഭരണാധികാരികൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമിതി പ്രസിഡന്റ് ജി. സന്തോഷ് പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം രതീഷ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നവീൻ ജി. കൃഷ്ണ, മനോജ്, അച്ചു, സുധീഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.