കൊല്ലം: കല്ലുപാലത്തിന് പകരമുള്ള പുതിയ പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നത് അടിയന്തരങ്ങളിൽ അതിവേഗമെത്തേണ്ട അഗ്നിശമന സേനയെയും വലയ്ക്കുന്നു. നിലവിൽ കോട്ടമുക്ക്, പൂന്തലിൽ ഭാഗങ്ങളിൽ അത്യാഹിതങ്ങളുണ്ടായാൽ തൊട്ടടുത്തുള്ള ചാമക്കട അഗ്നിരക്ഷാ നിലയത്തിൽ നിന്ന് പുതിയപാലം - വാടി റോഡിലൂടെ അമ്മച്ചിവീട് ജംഗ്‌ഷൻ വഴിയാണ് എത്തിച്ചേരാനാകുന്നത്. പാലമില്ലാത്തതിനാൽ കേവലം അരകിലോമീറ്റർ മാത്രമുള്ളിടത്തേക്ക് സേനയുടെ വാഹനം ഓടേണ്ടത് നാലുകിലോമീറ്ററോളം ദൂരം !
തേവള്ളി, കടവൂർ ഭാഗത്തേക്കും ജില്ലാ ആശുപത്രി ഭാഗത്തേക്കുമൊക്കെ എത്തണമെങ്കിലും ഇതേ അവസ്ഥയാണ്. കമ്പോളത്തിനുള്ളിലൂടെയോ മെയിൻ റോഡ് വഴിയോ പോകാമെന്ന് കരുതിയാൽ പെട്ടതുതന്നെ. ഈ ഭാഗങ്ങൾ കടക്കണമെങ്കിലുള്ള ഗതാഗതകുരുക്കും സമയനഷ്ടവും ചെറുതല്ല.
അഗ്നിശമന സേനയുടെ വഴിമുടക്കി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീട്ടുന്ന കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പാലം പണി വേഗത്തിൽ തീർക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ പുതിയപാലം - കല്ലുപാലം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയോ ചെയ്യണമെന്നും ആവശ്യമുണ്ട്.
ഒച്ചിഴയും ഇതിലും വേഗത്തിൽ
2019 ഒക്ടോബറിൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം മുതൽക്കേ ഇഴഞ്ഞുനീങ്ങുകയാണ്. ഒരുവർഷം പിന്നിട്ടപ്പോഴും 16 പില്ലറുകളുടെ പണികൾ മാത്രമാണ് പൂർത്തിയായത്. തൂണുകളൊന്നും മണ്ണിന് മുകളിലേക്ക് ഇതുവരെയും ഉയർന്നിട്ടില്ല.
കരാർ കാലാവധി അവസാനിച്ചപ്പോൾ മൂന്ന് തവണ നീട്ടിനൽകുകയും ചെയ്തു. നിലവിൽ പണികൾ എന്ന് പൂർത്തിയാക്കുമെന്ന കാര്യത്തിൽ കരാറുകാർക്ക് പോലും ഉറപ്പില്ല. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ച്ചറാണ് കരാറുകാർ. ഇവർക്ക് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചുള്ള പരിചയം മാത്രമേയുള്ളുവെന്ന ആക്ഷേപം തുടക്കത്തിലെ ഉയർന്നിരുന്നു.
പുതിയ പാലം
അടങ്കൽ തുക: 5 കോടി രൂപ
നീളം: 22 മീറ്റർ
വീതി: 7.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ (ഇരുവശവും)
ജലനിരപ്പിൽ നിന്നുള്ള ഉയരം: 5 മീറ്റർ
ജലനിരപ്പിനോട് ചേർന്നുള്ള നീളം: 15 മീറ്റർ