rtpcr

 ആർ.ടി.പി.സി.ആർ നിരക്ക് കുറയ്ക്കാൻ മടി

കൊല്ലം: കൊവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ ഫീസ് അഞ്ഞൂറ് രൂപയായി കുറച്ച് സർക്കാർ ഉത്തരവിറങ്ങിയിട്ടും കുറയ്ക്കാൻ തയ്യാറാകാതെ ചില സ്വകാര്യ ആശുപത്രികൾ. തങ്ങൾക്ക് ഉത്തരവ് ലഭിച്ചിട്ടില്ല, മാനേജ്മെന്റ് തീരുമാനമെടുത്തിട്ടില്ല എന്നിങ്ങനെ പറഞ്ഞാണ് പഴയ നിരക്ക് വാങ്ങുന്നത്.

സ്വകാര്യ ലാ​ബു​കൾ​ക്കും ആ​ശു​പ​ത്രി​കൾ​ക്കും പുതിയ നി​ര​ക്ക് ബാ​ധ​ക​മാ​ണ്. സർ​ക്കാർ ആ​ശു​പ​ത്രി​ക​ളിൽ സൗ​ജ​ന്യ​മാ​ണ് കൊ​വി​ഡ് പ​രി​ശോ​ധ​ന. അതേസമയം ചില ആശുപത്രികൾ നിരക്ക് കുറച്ചിട്ടുമുണ്ട്. നഗരപരിധിക്ക് പുറത്തുള്ള ഒരു മെഡിക്കൽ കോളേജിൽ 1,510 രൂപ ഇന്നലെയും വാങ്ങി. നഗരഹൃദയത്തിലെ ഒരു സ്വകാര്യ ആശുപത്രി 1,500 രൂപയാണ് ഇപ്പോഴും വാങ്ങുന്നത്. എന്നാൽ 1,700 രൂപ വാങ്ങിയിരുന്ന നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് 600 രൂപയാക്കി കുറച്ചു. നൂറ് രൂപ ഫയലെടുക്കുന്നതിനെന്ന പേരിലാണ് അധികം വാങ്ങുന്നത്. കൊവിഡ് പരിശോധന ആദ്യം മുതൽ നടത്തിവന്ന സ്വകാര്യ ലാബ് 500 രൂപയായി കുറച്ചു. എന്നാൽ പരിശോധനയ്ക്ക് വരുന്നവരോട് നിലവാരമുള്ള കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താമെന്ന പേരിൽ കൂടുതൽ തുക വാങ്ങാനുള്ള ശ്രമം നടത്തുന്നുമുണ്ട്.

 നിരക്ക് കുറച്ചത് വ്യാഴാഴ്ച

മറ്റ് സംസ്ഥാനങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വളരെ കുറഞ്ഞ തുക മാത്രമുള്ളപ്പോൾ കേരളത്തിലെ സ്വകാര്യ ലാബുകളും ആശുപത്രികളും കൊള്ള നിരക്ക് വാങ്ങിവരുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ വ്യാഴാഴ്ചയാണ് സംസ്ഥാന സർക്കാർ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്.

സർക്കാർ മേഖലയിലെ പരിശോധന ഫലം ലഭിക്കാൻ വൈകുമെന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകേണ്ടവർ സ്വകാര്യ മേഖലയെയാണ് കൂടുതൽ ആശ്രയിച്ചിരുന്നത്. ആശുപത്രികളിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയ്ക്ക് എത്തുന്നവരെയും ആർ.ടി.പി.സി.ആർ നിർബന്ധപൂർവം നടത്തിവരികയായിരുന്നു.

പുതിയ നിരക്ക്: 500 രൂപ

സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്: 1,​500 രൂപ

 ഉൾപ്പെടുന്നവ

1. ടെ​സ്റ്റ് കി​റ്റ്

2. വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങൾ

3. സ്വാ​ബ് ചാർ​ജ്

'' സർക്കാർ ഉത്തരവിന് വിരുദ്ധമായി ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് കൂടുതൽ പണം വാങ്ങുന്നതായി പരാതി ലഭിച്ചാൽ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. ആർ. ശ്രീലത ഡി.എം.ഒ