town
കൊട്ടാരക്കര മണികണ്ഠൻ ആൽതറ കൊട്ടാരക്കര കച്ചേരി മുക്ക്

കൊല്ലം: കൊട്ടാരക്കരയുടെ സാംസ്കാരിക കേന്ദ്രമായ കച്ചേരിമുക്കും മണികണ്ഠൽ ആൽത്തറയും അവഗണനയിൽ. നഗര വികസനത്തിന് കോടികൾ ചെലവിടുന്നുവെന്ന് പറയുമ്പോഴും കച്ചേരിമുക്കിൽ നാളിതുവരെ യാതാെരുവിധ വികസനവും എത്തിയിട്ടില്ല. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം ജംഗ്ഷനാണ് കച്ചേരിമുക്ക്. ദിവസവും നൂറുകണക്കിന് ആളുകളാണ് ക്ഷേത്ര ദർശനത്തിന് മാത്രം ഇവിടെയെത്തുന്നത്. മിനി സിവിൽ സ്റ്റേഷനും പൊലീസ് സ്റ്റേഷനും സബ് രജിസ്ട്രാർ ഓഫീസും ഡിവൈ.എസ്.പി ഓഫീസും വിദ്യാഭ്യാസ ഓഫീസുകളുമെല്ലാം കച്ചേരിമുക്കിലാണ്. അതുകൊണ്ടുതന്നെ എപ്പോഴും ആൾത്തിരക്കുള്ള പ്രദേശത്ത് മതിയായ വിശ്രമ കേന്ദ്രങ്ങളോ സാംസ്കാരിക പരിപാടികൾക്ക് ഉതകുന്ന പൊതു ഇടങ്ങളോ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകളുടെ പെരുമയുള്ള സി.പി.കെ.പി വായനശാലയും തൊട്ടടുത്തുള്ള ഗാന്ധി ലെനിൻ കൾച്ചറൽ സെന്ററും കച്ചേരിമുക്കിന്റെ കണ്ണായ സ്ഥലത്താണ്. ഇവിടെയും കാര്യമായ പരിപാടികൾ നടക്കുന്നില്ല. ചന്തമുക്കിലെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ച് നീക്കിയ സ്ഥലത്താണ് ഇപ്പോൾ കൂടുതൽ പൊതു പരിപാടികൾ നടക്കുന്നത്. അതുകൊണ്ടുതന്നെ കച്ചേരിമുക്കിനെ തീർത്തും അവഗണിക്കുകയാണ്.

മണികണ്ഠൻ ആൽത്തറ

കച്ചേരിമുക്കിലെ മണികണ്ഠൻ ആൽത്തറ ഏറെ പ്രസിദ്ധമാണ്. ഗണപതി ക്ഷേത്രത്തിന്റെ പിറവിയുടെ കാലഘട്ടത്തിൽ മണികണ്ഠൻ എന്ന സ്വാമിയുടെ കേന്ദ്രമായിരുന്നു ഇവിടം. വളർന്ന് പന്തലിച്ചുകിടന്ന അന്നത്തെ ആൽമരം പട്ടുപോയെങ്കിലും ഇപ്പോഴും തണൽ വിരിച്ച് അടുത്ത ആൽമരമുണ്ട്. ഇവിടെ ക്ഷേത്രത്തിന്റെ ഭാഗമായ ആരാധനയും മറ്റും നടത്താറുമുണ്ട്. എന്നാലും കൊട്ടാരക്കരയുടെ സാംസ്കാരിക ഇരിപ്പിടമാണ് മണികണ്ഠൻ ആൽത്തറ.

മൂന്ന് വിളക്ക്

രാജഭരണത്തിന്റെ തിരുശേഷിപ്പായി കൊല്ലം-തിരുമംഗലം ദേശീയപാതയോട് ചേർന്ന് കച്ചേരിമുക്കിൽ മൂന്ന് വിളക്ക് ഇപ്പോഴുമുണ്ട്. ഇടയ്ക്ക് ഇത് തകർന്നുവെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് സംരക്ഷിച്ചു വരികയാണ്. മൂന്നുവിളക്കിന് ചുറ്റുമുള്ള സ്ഥലം വേലികെട്ടി തിരിച്ചിട്ടുണ്ട്.

സാംസ്കാരിക കേന്ദ്രങ്ങൾ ഒരുക്കണം

കച്ചേരിമുക്കിൽ മണികണ്ഠൻ ആൽത്തറയ്ക്ക് മുന്നിലായി വേണ്ടുവോളം സ്ഥലമുണ്ട്. ഇവിടം വൃത്തിയാക്കി സാംസ്കാരിക കേന്ദ്രങ്ങളും ഇരിപ്പിടങ്ങളും പാർക്കും നിർമ്മിക്കണമെന്നാണ് പൊതു ആവശ്യം. പട്ടണത്തിലെത്തുന്നവർക്ക് വിശ്രമിക്കാനും സായന്തനങ്ങൾ ചിലവഴിക്കാനും ഉതകുന്ന ഇടമായി ഇവിടം മാറേണ്ടത് അനിവാര്യമാണ്. നഗരസഭ ചെയർ‌മാൻ എ.ഷാജു ഇതിന് മുൻകൈയെടുക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. ആ പ്രതീക്ഷയിലാണ് സാംസ്കാരിക പ്രവർത്തകർ.