navas
റെയിൽവേ സ്റ്റേഷൻ - കാരാളിമുക്ക് റോഡിൽ മാലിന്യം തള്ളിയ നിലയിൽ

ശാസ്താംകോട്ട: കുറ്റിയിൽമുക്ക് റെയിൽവേ സ്‌റ്റേഷൻ റോഡിലും കാരാളിമുക്ക് റെയിൽവേ സ്റ്റേഷൻ റോഡിലും മാലിന്യം തള്ളുന്നതായി പരാതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ഏറെ കാലം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്തതോടെ മാലിന്യ തള്ളുന്നത് കുറഞ്ഞിരുന്നു. പക്ഷേ ഒരു ഇടവേളയ്ക്ക് ശേഷം റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഇറച്ചി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും വീടുകളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ, ബാർബർഷാപ്പുകളിൽ നിന്നുള്ള മുടികൾ ,കുപ്പികൾ ,പ്ലാസ്റ്റിക്കുകൾ തുടങ്ങിയവയൊക്കെയാണ് ഇവിടെ തള്ളുന്നത്. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.


കാമറ സ്ഥാപിച്ചില്ല: പ്രതിഷേധം ശക്തം


ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 7 പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി 35 നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി കഴിഞ്ഞ ഭരണ സമിതിയുടെ അവസാന നാളുകളിൽ ഉദ്ഘാടനം ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല. മൈനാഗപ്പള്ളിയിൽ കല്ലുകടവിലും, വേങ്ങ ആറാട്ടുചിറയിലും മാത്രമാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. മറ്റു കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനായി തൂണുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. . കാമറയുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയ്ക്കും, ഇന്റർനെറ്റിനും ഉൾപ്പടെ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 14 ലക്ഷം രൂപ വകയിരുത്തി കാമറ സ്ഥാപിക്കുന്നതിനായി കെൽട്രോണിനെ ഏൽപ്പിച്ചതുമാണ്. .