kmml

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) പ്രത്യേക ആശുപത്രി സജ്ജമാക്കുന്നു. കമ്പനിക്ക് സമീപത്തെ ചവറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യവകുപ്പുമായി ചേർന്നാണ് ആശുപത്രി സജ്ജമാക്കുന്നത്.
ഓക്‌സിജൻ സൗകര്യത്തോടെ 500 ബെഡുകളാണ് ഒരുക്കുക. രണ്ടുകോടി രൂപയാണ് ആകെ ചെലവ്. ആദ്യഘട്ടം 100 ബെഡുകൾ തയ്യാറാക്കി തിങ്കളാഴ്ച ആശുപത്രി ആരോഗ്യവകുപ്പിന് കൈമാറും. കമ്പനിയിലെ ഓക്‌സിജൻ പ്ലാന്റിൽ നിന്ന് പൈപ്പ്‌ലൈൻ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ ലഭ്യമാക്കുന്നത്. 700 മീറ്റർ ദൂരമാണ് ഓക്‌സിജൻ പ്ലാന്റും സ്‌കൂളും തമ്മിലുള്ളത്. ഇവയെ ബന്ധിപ്പിച്ച് പൈപ്പിടുന്ന ജോലികൾ ആരംഭിച്ചു. സിഡ്‌കോയിൽ നിന്ന് 100 കട്ടിലുകളും കയർഫെഡിൽ നിന്ന് ആവശ്യമായ കിടക്കളും ആശുപത്രിക്കായി കെ.എം.എം.എൽ നേരിട്ട് വാങ്ങും.സർക്കാർ നിർദ്ദേശ പ്രകാരമാണ് കെ.എം.എം.എൽ ആശുപത്രി സജ്ജമാക്കാൻ തീരുമാനിച്ചത്.