ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കും
തെരുവോര കച്ചവടം നിരോധിച്ചു
കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനം ക്ളസ്റ്റർ തലത്തിൽ ശക്തമാക്കി കൊല്ലം നഗരസഭ. പ്രതിരോധ നടപടികളുടെ ഭാഗമായി തെരുവോര കച്ചവടങ്ങൾ താത്കാലികമായി നിരോധിച്ചിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണവും ഊർജ്ജിതമാക്കുകയും ചെയ്യും. മേയറുടെ അദ്ധ്യക്ഷതയിൽ സി.എം.ഒമാർ, ആരോഗ്യപ്രവർത്തകർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ക്വാറന്റൈനിൽ കഴിയുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിനാൽ വി.എസ്.എം നഴ്സിംഗ് കോളേജ്, സെന്റ് തോമസ് ഹോസ്റ്റൽ, ബിഷപ്പ് ജെറോം എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കായി ഷൈൻ ടൂറിസ്റ്റ് ഹോമിലും ചികിത്സാ കേന്ദ്രം ആരംഭിക്കും.
വകഭേദം വന്ന യു.കെ, ദക്ഷിണാഫ്രിക്കൻ, മഹാരാഷ്ട്ര വൈറസുകളുടെ സാന്നിദ്ധ്യം നഗരസഭാ പരിധിയിലുണ്ടെന്ന് വിലയിരുത്തിയ യോഗം ജാഗ്രതാസമിതികൾക്ക് രൂപം നൽകാനും തീരുമാനിച്ചു.
പ്രധാന തീരുമാനങ്ങൾ
1. മഴക്കാലപൂർവ ശുചീകരണത്തിനായി 75 തൊഴിലാളികളെ അധികമായി നിയമിക്കും
2. ഇന്ന് മുതൽ നഗരപരിധിയിലെ എല്ലാ ഓടകളും ശുചീകരിക്കും
3. കൊതുകുജന്യ, ജലജന്യ രോഗങ്ങൾ നിയന്ത്രിക്കും
4. ആരോഗ്യപ്രവർത്തകർ, പൊലീസ്, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണം
5. പഴം, പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ തെരുവോര കച്ചവടത്തിന് നിരോധനം
6. ചന്തകൾക്ക് പുറത്തുള്ള മത്സ്യക്കച്ചവടവും നിരോധിച്ചു
6. പൊതുപരിപാടികൾ, വിവാഹം, ഉത്സവം, മറ്റ് ചടങ്ങുകൾ എന്നിവയിൽ കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കും