കരുനാഗപ്പള്ളി: ബോയ്സ് എച്ച്.എ. എസിലെ അദ്ധ്യാപകരും സ്റ്റാഫും വാക്സിൻ ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന്റെ ചേംബറിൽ എത്തി സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ടി. അലക്സ് ചെക്ക് കളക്ടർക്ക് കൈമാറി. സ്റ്റാഫ് സെക്രട്ടറി കെ. സി. ജയശ്രീ , ജെ. പി. ജയലാൽ, എൽ. എസ് .ജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങളും വെള്ളവും മരുന്നും ഭക്ഷ്യധാന്യങ്ങളും എത്തിക്കാനും പ്രളയാനന്തര ശുചീകരണത്തിലും സ്കൂൾ പങ്കാളിയായി. സന്നദ്ധ സംഘടനകളുടെ കളക്ഷൻ കേന്ദ്രമായും സ്കൂൾ ഉപയോഗപ്പെടുത്തി. കൊവിഡ് കാലത്ത് മുന്നൂറിലധികം കുടുംബങ്ങൾക്ക് ഭഷ്യക്കിറ്റ് വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ അമ്പതോളം ടി.വികളും നൽകി. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ എന്ന സാന്ത്വന പരിചരണ സ്ഥാപനത്തിന് പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ കരുതൽ മൂലധനം ഗേൾസിലെയും ബോയ്സിലെയും വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് സംഭാവന ചെയ്തത്.