കൊല്ലം: ഇന്ത്യ - ചൈന അതിർത്തിയിലുണ്ടായ ഹിമപാതത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥൻ ചവറ കൊട്ടുകാട് എസ്.എസ് ബൈത്തിൽ (പുളിയുടെ മൂട്ടിൽ) വിമുക്തഭടൻ അബൂബക്കറിന്റെയും പരേതയായ റഷീദ ബീവിയുടെയും മകൻ എ. ഷാനവാസിന്റെ (30) മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
ഭൗതികദേഹം തിരുവനന്തപുരം മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ച ശേഷം നാളെ രാവിലെ ചവറ കൊട്ടുകാട്ടുള്ള വസതിയിലെത്തിക്കും. കബറടക്കം ഔദ്യോഗിക ബഹുമതികളോടെ കൊട്ടുകാട് മുസ്ളിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും. പട്രോളിംഗിനിടെ കഴിഞ്ഞ 16 നായിരുന്നു അപകടം. ഭാര്യ: റഫ്ന. മക്കൾ: അനീന, അമ്ന. സൈനികന്റെ വിയോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി വസതിയിലെത്തി അനുശോചിച്ചു.